
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നാളെ ആരംഭിക്കാനിരിക്കെ,
ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണുന്നതിന് മുമ്പ് വിവിപാറ്റ് വോട്ടുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും.
വിവരാവകാശ പ്രവർത്തകനായ രാകേഷ് കുമാറാണ് ഹർജി നൽകിയത്. വോട്ടെണ്ണുന്നതിന് കൗണ്ടിംഗ് ഹാളിലെത്തുന്ന വിവിധ സ്ഥാനാർത്ഥികളുടെ ഏജന്റുമാർ പോയതിന് ശേഷം വിവിപാറ്റ് വോട്ടുകൾ എണ്ണുന്നത് കൊണ്ട് പ്രയോജനമില്ലെന്ന് രാകേഷ് കുമാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മീനാക്ഷി അറോറ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണിയ ശേഷമാണ് നിലവിൽ വിവിപാറ്റ് വോട്ടുകൾ എണ്ണുന്നത്. അതു കൊണ്ട് ഈ പരിശോധനയിൽ സുതാര്യതയില്ല. എജന്റുമാരും സ്ഥാനാർത്ഥികളുമുള്ളപ്പോഴാണ് പരിശോധന നടത്തേണ്ടതെന്നും മീനാക്ഷി അറോറ പറഞ്ഞു.
നാളെ വോട്ടെണ്ണൽ നടക്കാനിരിക്കെ അവസാന നിമിഷമാണ് ഹർജി കോടതിയിലെത്തിയതെന്നും ഈ സമയത്ത് എന്ത് ഉത്തരവാണ് ഇറക്കാൻ കഴിയുകയെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ ചോദിച്ചു. വിവിപാറ്റ് വോട്ടുകൾ എണ്ണുന്നതുമായി ബന്ധപ്പെട്ട് 2019-ൽ പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ നിലവിലുണ്ട്. എന്ത് ചെയ്യാൻ കഴിയുമെന്ന് നോക്കാം. ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകരോട് കോടതിയിൽ ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു.