
ന്യൂഡൽഹി:സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഇന്ധനവില നിശ്ചയിക്കാൻ സ്വതന്ത്ര റഗുലേറ്ററി അതോറിട്ടി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയിൽ ഹർജി നൽകി. ഊർജ്ജ മേഖലയിലെ വിദഗ്ദ്ധർ ഉൾപ്പെട്ടതായിരിക്കണം അതോറിട്ടി. ബൾക്ക് പർച്ചേയ്സർ വിഭാഗത്തിലുള്ളവർക്ക് കൂടിയ വിലയ്ക്ക് ഡീസൽ വിൽക്കാനുള്ള പൊതുമേഖലാ എണ്ണക്കമ്പനികളുടെ തീരുമാനം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
ഇന്ധന വില നിശ്ചയിക്കുന്നതിന് 2006 ലെ പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് ആക്ട് ഒരു സ്വതന്ത്ര റെഗുലേറ്ററി രൂപീകരിക്കണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ ഈ അതോറിട്ടി രൂപീകരിക്കാൻ ഇതുവരെ തയാറായിട്ടില്ല. ദിവസംതോറും 4,10,000 ലിറ്റർ ഡീസലാണ് കെ.എസ്.ആർ.ടി.സി വാങ്ങുന്നത്. വിപണി വിലയെക്കാൾ കൂടുതൽ തുകയ്ക്കാണ് ബൾക്ക് പർച്ചേയ്സർ വിഭാഗത്തിലുള്ളവർക്ക് പൊതുമേഖലാ എണ്ണക്കമ്പനികൾ ഡീസൽ വിൽക്കുന്നത്. കൂടുതൽ വിലയ്ക്ക് ഡീസൽ വാങ്ങേണ്ടിവരുന്നതോടെ പ്രതിദിനം 19 ലക്ഷം രൂപയുടെ അധിക ബാദ്ധ്യത കെ.എസ്.ആർ.ടി.സിക്കുണ്ടാകുന്നു. സ്വകാര്യ ബസുകൾക്ക് 91.42 രൂപയ്ക്ക് ഡീസൽ ലഭിക്കുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് 6.73 രൂപ അധികമായി 98.15 രൂപ നൽകേണ്ടിവരുന്നു. ഇത് ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതയുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു