land
f

 ലാൻഡ് മോണിറ്റൈസേഷൻ കോർപറേഷന് അംഗീകാരം

ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും ( സി.പി.എസ്.ഇ )​ മറ്റ് സർക്കാർ ഏജൻസികളുടെയും മിച്ചഭൂമിയും കെട്ടിട ആസ്തികളും സ്വകാര്യമേഖലയ്‌ക്ക് കൈമാറി വരുമാനമുണ്ടാക്കാൻ ലക്ഷ്യമിടുന്ന

നാഷണൽ ലാൻഡ് മോണിറ്റൈസേഷൻ കോർപ്പറേഷന് (എൻ.എൽ.എം. സി) കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. കേന്ദ്രധനമന്ത്രാലയത്തിന് കീഴിലാണ് കോർപ്പറേഷൻ.
സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ പ്രധാനമല്ലാത്ത ( നോൺ-കോർ )​ കെട്ടിടങ്ങളും ഉപയോഗമില്ലാത്തതും ഉപയോഗം കുറഞ്ഞതുമായ ഭൂമിയും ഉൾപ്പെടെയുള്ള ആസ്തികൾ ഉപയോഗിച്ച് വരുമാനമുണ്ടാക്കുകയാണ് കോർപറേഷന്റെ ദൗത്യം.

ഇത്തരം മിച്ചഭൂമിയും കെട്ടിട ആസ്തികളും കോർപ്പറേഷന് കൈമാറും. ഒാഹരി വിൽക്കാനും അടച്ചുപൂട്ടാനും തീരുമാനമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ അത്ര പ്രാധാന്യമല്ലാത്ത ഭൂമിയും ( നോൺ-കോർ ലാൻഡ് )​ കൈമാറും. ഇതുവഴി ഈ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടൽ വേഗത്തിലാക്കുകയും ഓഹരി വിൽപ്പന സുഗമമാക്കുകയുമാണ് ലക്ഷ്യം.

കോർപ്പറേഷനിൽ മുഴുവൻ സമയ ജീവനക്കാർ കുറവായിരിക്കും. സ്വകാര്യ മേഖലയിലെ പ്രൊഫഷണലുകളെ കരാർ വ്യവസ്ഥയിൽ നിയമിക്കും. മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും വിദഗ്ദ്ധരും അടങ്ങിയതാകും ഡയറക്‌ടർ ബോർഡ്. ചെയർമാനെയും സർക്കാർ ഇതര ഡയറക്ടർമാരെയും യോഗ്യത നോക്കി തിരഞ്ഞെടുക്കും.

2021 ലെ ബഡ്‌ജറ്റിലെ പ്രഖ്യാപനമായിരുന്നു എൻ.എൽ.എം. സി രൂപീകരണം.

ഒാഹരി മൂലധനമായി 5000 കോടി രൂപ വകയിരുത്തി. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 150 കോടി രൂപ അനുവദിക്കും.

കോർപറേഷന്റെ ലക്ഷ്യം

സ്വകാര്യമേഖലയിൽ നിന്നുള്ള നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുക

പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുക

പശ്ചാത്തല സൗകര്യങ്ങൾക്കുള്ള സാമ്പത്തിക സ്രോതസുകൾ സൃഷ്‌ടിക്കുക.

സർക്കാർ സ്ഥാപനങ്ങളുടെ പ്രധാനമല്ലാത്ത ആസ്തികളുടെ മൂല്യം നിർണയിച്ച് വരുമാനമുണ്ടാക്കാൻ ഉപദേശം നൽകുക.