
ന്യൂഡൽഹി: ഇ.പി.എഫ് പദ്ധതിയിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക്, ഉയർന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ തുടങ്ങിയ വിഷയങ്ങളിൽ തീരുമാനങ്ങൾ പ്രതീക്ഷിക്കുന്ന നിർണായക എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഒാർഗനൈസേഷൻ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗം നാളെ ഗുവാഹത്തിയിൽ നടക്കും. അവകാശികളില്ലാതെ കിടക്കുന്ന 58,000 കോടി രൂപയിൽ നിന്ന് 100 കോടിയോളം രൂപ മുതിർന്ന പൗരന്മാരുടെ ക്ഷേമ ഫണ്ടിലേക്ക് മുതൽക്കൂട്ടാനുള്ള തീരുമാനവും യോഗം കൈക്കൊണ്ടേക്കും.
നിലവിൽ 15,000 രൂപ ശമ്പളപരിധി വച്ച് 8.33 ശതമാനമാണ് പെൻഷൻ. പങ്കാളിത്ത വിഹിതം കുറവായതിനാൽ പെൻഷൻ തുകയും കുറവാണ്. ഈ ശമ്പളപരിധി ഒഴിവാക്കി യഥാർത്ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിഹിതം അടയ്ക്കാൻ അനുവദിക്കണമെന്ന ആവശ്യം ഏറെക്കാലമായുണ്ട്. ഇതുസംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ ഇ.പി.എഫ്.ഒ നൽകിയ സുപ്രീംകോടതിയിലെ കേസ് തീർപ്പായിട്ടില്ല. ഇപ്പോഴുള്ള കുറഞ്ഞ പെൻഷൻ ആയിരം രൂപയിൽ നിന്ന് 6000 രൂപയായി വർദ്ധിപ്പിക്കണമെന്ന ആവശ്യവും ബോർഡ് യോഗം ചർച്ചചെയ്യും.
2014ലാണ് ഏറ്റവും ഒടുവിൽ കുറഞ്ഞ പെൻഷൻ നിരക്കിൽ മാറ്റം വരുത്തിയത്. കൊവിഡ് കാലത്തും ഇ.പി.എഫ്.ഒയുടെ വരുമാനത്തിൽ കുറവുണ്ടാകാത്ത സാഹചര്യത്തിൽ 2022 വർഷത്തേക്കുള്ള പി.എഫ് പലിശ നിരക്ക് ഇപ്പോഴുള്ള 8.5 ശതമാനമായി നിലനിറുത്തുകയോ യുക്രെയിൻ പ്രതിസന്ധി വിപണിയിൽ സൃഷ്ടിച്ച ആഘാതം പരിഗണിച്ച് നേരിയ തോതിൽ കുറയ്ക്കുകയോ ചെയ്യാനിടയുണ്ട്. സോഫ്ട്വെയർ പ്രശ്നംമൂലം പുതിയ അംഗങ്ങളുടെ വിഹിതം അടയ്ക്കാൻ കഴിയാത്തതിലെ പ്രശ്നങ്ങളും യോഗം ചർച്ച ചെയ്യും.