
ന്യൂഡൽഹി: നരേന്ദ്ര മോദി മുന്നോട്ടുവച്ച വികസനരാഷ്ട്രീയത്തിനുള്ള അംഗീകാരമാണ് നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയമെന്ന് വിദേശ, പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ വികസന രാഷ്ട്രീയം ഏറ്റെടുത്ത് നടപ്പിലാക്കിയതാണ് ബി.ജെ.പി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ വിജയത്തിന് കാരണം. ജനക്ഷേമപദ്ധതികൾക്കും സദ്ഭരണത്തിനുമുള്ള അംഗീകാരമാണിത്. ജനങ്ങൾക്ക് കോൺഗ്രസിലുള്ള വിശ്വാസം പൂർണ്ണമായി തകർന്നിരിക്കുന്നു. യു.പിയിലെ പ്രിയങ്ക പരീക്ഷണവും തകർന്ന് തരിപ്പണമായി. നെഹ്റു കുടുംബത്തോടുള്ള വിശ്വാസവും നഷ്ടമായി.
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നേടിയ വിജയത്തിന്റെ പ്രതിഫലനം കേരളത്തിലുമുണ്ടാകും. പിണറായി വിജയനോടൊപ്പം ചേർന്ന് യോഗി ആദിത്യനാഥിനെ ആക്ഷേപിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് എന്ത് പറയാനുണ്ടെന്ന് അറിയാൻ ആഗ്രഹമുണ്ട്. യു പിയിൽ അഞ്ചു വർഷം കൊണ്ട് അഞ്ചു ലക്ഷം പേർക്കാണ് തൊഴിൽ നൽകിയത്. 43 ലക്ഷം പേർക്ക് വീട് നൽകി. കേരളത്തിലെ ലൈഫ്‌മിഷൻ പദ്ധതി പാവങ്ങൾക്ക് വീട് നൽകാനല്ല സി.പി.എമ്മിന്റെ ആളുകൾക്ക് കമ്മീഷനടിക്കാനാണെന്നും നാം കണ്ടതാണ്. കേരളത്തിലും കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കണമെന്നും മുരളീധരൻ പറഞ്ഞു.