
ന്യൂഡൽഹി:ഡൽഹി പാർട്ടിയെന്ന് അറിയപ്പെട്ടിരുന്ന ആംആദ്‌മി പാർട്ടി അരവിന്ദ് കേജ്‌രിവാൾ എന്ന ഒറ്റവ്യക്തിയെ കേന്ദീകരിച്ചായതിനാൽ 2017ൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയാണ് പഞ്ചാബിൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്. കേജ്‌രിവാളിന്റെ ചില കണക്കുകൂട്ടലുകൾ പിഴച്ചതോടെയാണ് അനുകൂല സാഹചര്യമുണ്ടായിട്ടും കോൺഗ്രസിന്റെ പിന്നിലായത്. ഡൽഹി വിട്ട് പഞ്ചാബിലെ മുഖ്യമന്ത്രി കസേരയിലേക്ക് കൂടുമാറാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നതായി പറയുന്നു.
ഇക്കുറി പാർട്ടിയുടെ സാദ്ധ്യത ഇല്ലാതാക്കാൻ ഒരു റിസ്‌കിനും തയ്യാറല്ലായിരുന്നു കേജ്‌രിവാൾ. ഭഗവന്ത് സിംഗ് മാൻ തന്നെയാണ് 2014 മുതൽ പാർട്ടിയുടെ പഞ്ചാബി മുഖം. എങ്കിലും ജനങ്ങളുടെ അഭിപ്രായമറിയാനുള്ള ഒരു വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ്
സംസ്ഥാന അദ്ധ്യക്ഷനും എം.പിയുമായ ഭഗവന്ത് സിംഗ് മാനിനെ (48) മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. 21 ലക്ഷം പേർ പങ്കെടുത്ത ടെലിവോട്ടിംഗിൽ 93ശതമാനവും മാനിന് വോട്ടു ചെയ്‌തു.
സംഗ്രൂരിലെ സധോജ് ഗ്രാമത്തിൽ ജാട്ട് സിക്ക് കുടുംബത്തിൽ 1973ലാണ് മാനിന്റെ ജനനം. സുനാമിലെ ഷഹീദ് ഉധം സിംഗ് കോളേജ് വിദ്യാർത്ഥിയായിരുന്നപ്പോൾ കോമഡി മത്സരങ്ങളിലൂടെ കഴിവു തെളിയിച്ച ഭഗവന്ത് സിംഗ് മാൻ 'ജുഗ്‌നു ഹാസിർ ഹെ' പോലുള്ള ടെലിവിഷൻ കോമഡി ഷോകളിലൂടെ പ്രശസ്തനായി. 18-ാം വയസിൽ ആദ്യ ഒാഡിയോ ആൽബം പുറത്തിറക്കി. ഇദ്ദേഹം പങ്കെടുത്ത ഒരു ടെലിവിഷൻ ഷോയിൽ ജഡ്‌ജ് ആയിരുന്ന നവ്‌ജോധ് സിംഗ് സിദ്ധു പിന്നീട് രാഷ്‌ട്രീയ എതിരാളിയായി. മാൻ നല്ല ഗായകനുമാണ്. മെെ മാ പഞ്ചാബ് ദീ എന്ന സിനിമയിലും അഭിനയിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയാകുന്ന ഭഗവന്ത് സിംഗ് മാനിനെ ഇപ്പോൾ റഷ്യയെ ധീരമായി പ്രതിരോധിക്കുന്ന മുൻ ടെലിവിഷൻ താരമായ യുക്രെയിൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയുമായി സമൂഹമാദ്ധ്യമങ്ങളിൽ താരതമ്യം ചെയ്യുന്നുണ്ട്.
2011ൽ മൻപ്രീത് സിംഗ് ബാദലിന്റെ പീപ്പിൾസ് പാർട്ടിയിലൂടെയാണ് രാഷ്‌ട്രീയ അരങ്ങേറ്റം. 2012 നിയമസഭാ തിരഞ്ഞെടുപ്പിൽ ലെഹ്‌റ മണ്ഡലത്തിൽ പരാജയപ്പെട്ടു. ബാദൽ അകാലിദളിൽ ചേർന്നതോടെ മാൻ ഒറ്റപ്പെട്ടെങ്കിലും 2014ൽ അരവിന്ദ് കേജ്‌രിവാൾ പഞ്ചാബിൽ പാർട്ടിയെ വളർത്താനുള്ള ശ്രമങ്ങളിൽ ഒപ്പം കൂട്ടി. പിന്നീട് പല പ്രമുഖരും പാർട്ടി വിട്ടെങ്കിലും കേജ്‌രിവാളിന്റെ വിശ്വസ്‌തനായി തുടർന്നു. പഞ്ചാബിൽ രാഷ്‌ട്രീയ എതിരാളികളെ നിലംപരിശാക്കാനുള്ള കേജ്‌രിവാളിന്റെ ഹിറ്റ്മാൻ ആയി വളർന്നു.
2014ൽ സംഗ്രൂർ മണ്ഡലത്തിൽ അകാലിദൾ നേതാവ് സുഖ്‌ദേവ് സിംഗ് ധിൻസയെ 2,11,721 വോട്ടിന് അട്ടിമറിച്ച് ലോക്‌സഭയിലെത്തി. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജലാലാബാദിൽ മത്സരിച്ചെങ്കിലും അകാലിദളിന്റെ സുഖ്ബീർ സിംഗ് ബാദലിനോട് പരാജയപ്പെട്ടു. എന്നാൽ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംഗ്രൂർ മണ്ഡലം നിലനിറുത്തി. രണ്ടാം വട്ടം നിയമസഭയിലേക്കുള്ള പോരാട്ടത്തിൽ 58,206 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് മുഖ്യമന്ത്രിയാകുന്നത്.
മാനിന്റെ തമാശ കലർന്ന പ്രസംഗ ശൈലി ലോക്‌സഭയിലടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആക്ഷേപ ഹാസ്യ രൂപേണ കളിയാക്കുമായിരുന്നു. എന്നാൽ മദ്യപാന ശീലം രാഷ്‌ട്രീയത്തിലും ജീവിതത്തിലും പ്രതിസന്ധികളുണ്ടാക്കി. എതിരാളികൾ 'പെഗ്'വന്ത് മാൻ എന്നു കളിയാക്കി. മാൻ മദ്യപിച്ചാണ് ലോക്‌സഭയിൽ വരുന്നതെന്ന് പരാതിയുയർന്നു. ഫരീദ്കോട്ടിൽ ഒരു അനുശോചന യോഗത്തിനിടെ അദ്ദേഹം മദ്യപിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. ഒരു ഗുരുദ്വാരയിൽ നിന്ന് ഇറക്കിവിട്ട സംഭവവുമുണ്ട്. തുടർന്ന് 2019ൽ ബർണാലയിൽ നടന്ന ഒരു റാലിയിൽ മദ്യപാനം ഉപേക്ഷിച്ചതായി മാൻ പ്രഖ്യാപിച്ചു. സുരക്ഷാ മേഖലയായ പാർലമെന്റിൽ വീഡിയോ ചിത്രീകരിച്ചതിനും പഴികേട്ടു. രാവിലെ പാർലമെന്റിലേക്കുള്ള വരവ് മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ പരസ്യമാക്കിയതാണ് വിവാദമായത്. ഭാര്യ ഇന്ദ്രപ്രീർ കൗറുമായി 2014ൽ വിവാഹ മോചനം നേടിയിരുന്നു. രണ്ടു മക്കൾ വിദേശത്ത് പഠിക്കുന്നു.
പഞ്ചാബ് മുഖ്യമന്ത്രിയാകുമ്പോൾ പക്വതയുള്ള നേതാവിനെയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അരവിന്ദ് കേജ്‌രിവാളിന്റെ വിശ്വസ്‌തനാണെങ്കിലും താനൊരു പാവ മുഖ്യമന്ത്രിയല്ലെന്ന് തെളിയിക്കണം. അതിനാൽ സ്വന്തമായി നടപ്പാക്കുന്ന നടപടികൾക്കും തീരുമാനങ്ങൾക്കും പ്രാധാന്യമുണ്ട്.