
ന്യൂഡൽഹി: യു.പി.എ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ലോക്‌പാൽ സമരത്തിൽ ഗാന്ധിയൻ അന്നാഹസാരെയ്ക്കൊപ്പം കടന്നുവന്ന മുൻ ഐ.ആർ.എസ് ഉദ്യോഗസ്ഥനായ അരവിന്ദ് കേജ്‌രിവാളിന്റെ ആംആദ്‌മി പാർട്ടി തുടർച്ചയായി രണ്ടുതവണ ഡൽഹി സംസ്ഥാനം പിടിച്ചത് ഇന്ത്യൻ രാഷ്‌ട്രീയത്തിലെ അപൂർവ്വ ഏടാണ്. പത്തു വർഷത്തിനുള്ളിൽ പഞ്ചാബ് പിടിച്ചും ചരിത്രം തീർത്തിരിക്കുന്നു.
വിവരാവകാശ പ്രവർത്തകന്റെ റോളിൽ അഴിമതിക്കെതിരെ പോരാട്ടം കുറിച്ച കേജ്‌രിവാളിനെ രാഷ്‌ട്രീയക്കാരനായി അംഗീകരിക്കാൻ മടികാട്ടുന്ന വിമർശകർക്കുള്ള മറുപടികൂടിയാണ് പഞ്ചാബിലെ ജയം. പത്തു കൊല്ലം മുൻപ് ഡൽഹിയിൽ രൂപമെടുത്ത പാർട്ടിയല്ല ആംആദ്മി ഇന്ന്. പാർട്ടി രൂപീകരിക്കാൻ ഒപ്പമുണ്ടായിരുന്ന യോഗേശ്വർ യാദവ്, പ്രശാന്ത് ഭൂഷൺ, കിരൺബേദി, അന്തരിച്ച ശാന്തി ഭൂഷൺ, സന്തോഷ് ഹെഗ്ഡെ തുടങ്ങിയവർ ഏകാധിപതിയെന്ന് കുറ്റപ്പെടുത്തി വിട്ടുപോയപ്പോൾ കേജ്‌രിവാൾ തളർന്നില്ല. അവിടെനിന്ന് ഒറ്റയ്‌ക്ക് പാർട്ടിയെ നയിച്ച് വളർത്തി വലുതാക്കിയതിന്റെ ക്രെഡിറ്റ് കേജ്‌രിവാളിന് മാത്രം. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പരിസ്ഥിതി മന്ത്രി ഗോപാൽ റായ്, പഞ്ചാബിൽ ഭഗവന്ത് സിംഗ് മാൻ തുടങ്ങിയ വിശ്വസ്തർ തുടക്കം മുതൽ ഒപ്പമുണ്ട്.
വിദേശത്തു നിന്നടക്കം സംഭാവനകളുമായി സന്നദ്ധ സംഘടനയുടെ ശൈലിയിൽ പ്രവർത്തനം തുടങ്ങിയ ആംആദ്‌മി ഡൽഹിയിലെ അനുഭവങ്ങൾ സ്വാംശീകരിച്ച് ജനാധിപത്യ സ്വഭാവം കൈവരിച്ചിരിക്കുന്നു. കോൺഗ്രസ്, ശിരോമണി അകാലിദൾ, ബി.ജെ.പി തുടങ്ങിയ വമ്പൻമാരെ കാഴ്ചക്കാരാക്കി പഞ്ചാബിൽ നടത്തിയ കുതിപ്പിന് അടിസ്ഥാനമതാണ്.
കൃഷിക്കു പേരുകേട്ട ഹരിയാന സിവാനി ജില്ലയിലെ അനാജ്‌മണ്ഡി ഗ്രാമത്തിൽ 1968 ആഗസ്റ്റ് 16ന് ജന്മാഷ്‌ടമി നാളിലാണ് അരവിന്ദ് കേജ്‌രിവാൾ ജനിച്ചത്. പഠിക്കുന്ന കാലത്ത് കണക്കിൽ മിടുക്കനായിരുന്ന കേജ്‌രിവാളിന്റെ രാഷ്‌ട്രീയത്തിലെ കണക്കുകൂട്ടലുകളും പിഴയ്ക്കുന്നില്ല. പ്രസംഗകലയിൽ അന്നേയുള്ള നൈപുണ്യം ആംആദ്‌മി പാർട്ടിയുടെ കുതിപ്പിന് ഇന്ധനമായി.
ഖൊരഗ്പൂർ ഐ.ഐ.ടിയിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദമെടുത്ത ശേഷം 1989ൽ ടാറ്റാ സ്‌റ്റീലിൽ ആദ്യ ജോലി. സിവിൽ സർവീസിനു പഠിക്കാൻ 1992ൽ ജോലിവിട്ടു. 1995ൽ ഇന്ത്യൻ റവന്യു സർവീസിൽ ചേർന്നത് വ്യക്തിപരമായും ഔദ്യോഗികമായും വഴിത്തിരിവായി. മസൂറിയിലെ പരിശീലന സമയത്ത് പരിചയപ്പെട്ട സുനിത ജീവിതപങ്കാളിയായി. രണ്ടുപേർക്കും ആദായനികുതി വകുപ്പിൽ അസിസ്റ്റന്റ് കമ്മിഷണർമാരായി ഡൽഹിയിൽ നിയമനം. ആദായ നികുതി വകുപ്പിലെ അഴിമതി കണ്ട് സഹികെട്ട് 2000ത്തിൽ "പരിവർത്തൻ' എന്ന സന്നദ്ധ സംഘടന രൂപീകരിച്ച് പോരാട്ടം കുറിച്ചു.
പിന്നീട് വിവരാവകാശ പ്രവർത്തകനെന്ന നിലയിലുള്ള ആക്രമണം കൂടുതൽ ഏറ്റുവാങ്ങിയത് അന്തരിച്ച മുൻ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. അഴിമതിവിരുദ്ധ പോരാട്ടത്തിന് 2006ൽ ലഭിച്ച മഗ്സസെ അവാർഡ് തുക ഉപയോഗിച്ച് "പബ്ളിക് കോസ് റിസർച്ച് ഓർഗനൈസേഷൻ' എന്ന സന്നദ്ധസംഘടനയുണ്ടാക്കി. പിന്നീടാണ് അന്നാഹസാരെയുമായി ചേർന്ന് ലോക്‌പാൽ ബില്ലിനുവേണ്ടി ഉപവാസസമരം നടത്തിയത്.
2013ൽ ഡൽഹിയിൽ ആദ്യമായി അധികാരമേറ്റെങ്കിലും കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെ പുറത്തായ ആംആദ്മി 2015ൽ 70ൽ 67 സീറ്റിലും ജയിച്ച് മൃഗീയ ഭൂരിപക്ഷത്തോടെ തിരിച്ചുവന്നു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ വാരണാസിയിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിച്ചത് രാഷ്‌ട്രീയ കരിയറിൽ മൈലേജ് കൂട്ടി. വൈദ്യുതിയും വെള്ളവും ചികിത്സയും സൗജന്യമാക്കി ജനങ്ങളെ കൈയിലെടുത്ത ആം ആദ്മി 2020ൽ 70ൽ 62 സീറ്റു നേടി ഡൽഹി ഭരണം നിലനിറുത്തി.
2014 മുതൽ ഇന്ത്യൻ രാഷ്‌ട്രീയത്തിലെ അതികായനായി വിലസുന്ന നരേന്ദ്രമോദിക്ക് ഡൽഹി സംസ്ഥാനം വിട്ടുനൽകാതെ വിലങ്ങുതടിയായി കേജ്‌രിവാൾ. സമ്പൂർണ സംസ്ഥാന പദവിയില്ലാത്ത, ലെഫ്. ഗവർണർക്ക് മേൽക്കോയ്മയുള്ള ഡൽഹിയിൽ കേന്ദ്രസർക്കാരിനോട് മല്ലിട്ടുള്ള ഭരണയാത്ര കൂടുതൽ വളരാനുള്ള സാദ്ധ്യതകളാക്കി മാറ്റിയെന്നതാണ് കേജ്‌രിവാളിന്റെ വിജയം. ഈ അനുഭവങ്ങളാണ് പഞ്ചാബിലും ഗോവയിലും അദ്ദേഹം പാർട്ടിക്കായി ഉപയോഗപ്പെടുത്തിയത്. അതു ഫലം കാണുകയും ചെയ്‌തു.
കോൺഗ്രസ് നേതൃത്വത്തിൽ ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കുമ്പോൾ ആംആദ്‌മി പാർട്ടിയെ ക്ഷണിക്കാതിരുന്നിട്ടുണ്ട്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും മാത്രം അധികാരമുള്ള കോൺഗ്രസിന് മുന്നിൽ എന്തുകൊണ്ടും തലയുയർത്തി നിൽക്കാനും ഒരുപക്ഷേ ഒരു പടി മുന്നിൽ കയറാനും യോഗ്യതയുണ്ടെന്ന് തെളിയിച്ചിരിക്കുന്നു കേജ്‌രിവാളും ആംആദ്‌മി പാർട്ടിയും.