
ന്യൂഡൽഹി: കർഷക സമരത്തിൽ കടപുഴകുമെന്ന രാഷ്ട്രീയ പണ്ഡിതരുടെ കണക്കുകൂട്ടൽ ചുരുട്ടിയെറിഞ്ഞ് നാലു സംസ്ഥാനങ്ങളും നിലനിറുത്തിയതോടെ നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിന് മാറ്റ് കൂടി. ഒപ്പം അമിത് ഷായുടെ രാഷ്‌ട്രീയ തന്ത്രജ്ഞതയും കൈയടി നേടുന്നു.
ബി.ജെ.പിക്ക് വർദ്ധിത വീര്യത്തോടെ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഊർജ്ജമാണ് ലഭിച്ചിരിക്കുന്നത്.
യു.പി എന്ന കടമ്പ കടന്നു കിട്ടിയ ആശ്വാസത്തിൽ ബി.ജെ.പിക്ക് ജൂലായിൽ നടക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾക്ക് രൂപം നൽകാം. ഭൂരിപക്ഷം കുറഞ്ഞെങ്കിലും യു.പിയിൽ 250ൽ കൂടുതൽ സീറ്റും ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലെ മികച്ച പ്രകടനവും രാജ്യസഭയിലും ഭൂരിപക്ഷം ഉറപ്പാക്കാൻ സഹായിക്കും. ലോക്സഭയ്‌ക്കൊപ്പം രാജ്യസഭയിലും ഭൂരിപക്ഷം ലഭിക്കുന്നത് ഏക സിവിൽ കോഡ് പോലുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട ബില്ലുകൾ പാസാക്കുന്നതും എളുപ്പമാക്കും.
നരേന്ദ്രമോദിക്ക് ഒപ്പം നിൽക്കാൻ തക്ക കരിസ്മയുള്ള മറ്റൊരു നേതാവും രാജ്യത്തില്ലെന്ന വസ്‌തുതയും ഈ വിജയങ്ങൾ അടിവരയിടുന്നു. കൊവിഡ് മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധിയും തൊഴിലില്ലായ്മയും വിലക്കയറ്റവും കർഷക സമരവും അദ്ദേഹത്തിന്റെ ജൈത്രയാത്രയ്‌ക്ക് വിലങ്ങു തടിയാകുന്നില്ല. പ്രതികൂല സാഹചര്യങ്ങളെ തനിക്ക് അനുകൂലമാക്കി മാറ്റാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. യുക്രെയിനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ വിജയകരമായി ഒഴിപ്പിച്ചത് ഒടുവിലത്തെ ഉദാഹരണം.
കേരളത്തിൽ സി.പി.എമ്മിനും തമിഴ്നാട്, ആന്ധ്ര, പശ്ചിമ ബംഗാൾ, പഞ്ചാബ്, ഒഡിഷ, മഹാരാഷ്‌ട്ര, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ പ്രാദേശിക പാർട്ടികൾക്കും സ്വാധീനമുണ്ടെങ്കിലും ഹിന്ദി ബെൽറ്റിൽ ബി.ജെ.പിക്കുള്ള ആധിപത്യം മോദി നന്നായി ഉപയോഗപ്പെടുത്തുന്നു. ബൂത്ത് തലം മുതൽ നടപ്പാക്കുന്ന രാഷ്‌ട്രീയ തന്ത്രജ്ഞതയിലൂടെ കൃത്യമായി വോട്ടുറപ്പാക്കും. ആംആദ്‌മി പാർട്ടി അധികാരത്തിലേറുന്ന പഞ്ചാബ് ബി.ജെ.പി സാദ്ധ്യത കൽപ്പിക്കാത്ത സംസ്ഥാനമാണ്. കോൺഗ്രസിന്റെ അടിവേര് പിഴുതാണ് മോദി നേട്ടങ്ങളെല്ലാം സ്വന്തമാക്കുന്നതും.
ജാതി സമവാക്യങ്ങൾ വിധിയെഴുതുന്ന യു.പിയിൽ ഇക്കുറി അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയിൽ നിന്ന് കടുത്ത പോരാട്ടം നേരിടേണ്ടി വരുമെന്നുറപ്പിച്ചാണ് ഇറങ്ങിയത്. കർഷകസമരത്തിന്റെ തീപ്പൊരികൾ ലഖിംപൂർ ഖേരി സംഭവത്തിലൂടെ ആളിപ്പടരാതിരിക്കാൻ പിഴവടച്ച് തന്ത്രങ്ങൾ മെനഞ്ഞു.
അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം, കാശി വിശ്വനാഥ ക്ഷേത്ര നവീകരണം തുടങ്ങിയ നടപടികളിലൂടെ പരമ്പരാഗത ഹിന്ദു വോട്ടുകൾ ഉറപ്പിച്ച ശേഷം വികസന പദ്ധതികളും ക്രമസമാധാനപാലനവും മുഖ്യവിഷയമാക്കിയാണ് ബി.ജെ.പി പ്രചാരണത്തിനിറങ്ങിയത്. കേന്ദ്രത്തിൽ മോദിയും യു.പിയിൽ യോഗിയും ചേർന്ന 'ഇരട്ട എൻജിൻ' കൂടുതൽ നേട്ടങ്ങൾ കൊണ്ടുവരുമെന്ന് പറഞ്ഞും വോട്ടു ചോദിച്ചു. സീറ്റുകൾ കുറഞ്ഞെങ്കിലും യു.പിയിൽ 39 ശതമാനത്തിൽ നിന്ന് വോട്ട് വിഹിതം 41 ശതമാനമായി വർദ്ധിപ്പിക്കാൻ കഴിഞ്ഞതും നേട്ടമാണ്.