ന്യൂഡൽഹി: പഞ്ചാബിൽ കൈയിലിരുന്ന ഭരണം നഷ്‌ടപ്പെട്ടും ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിൽ പ്രതീക്ഷയറ്റും യു.പിയിൽ പാടേ തകർന്നടിഞ്ഞും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വൻ തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്.

ഉത്തർപ്രദേശിൽ നഷ്‌‌ടപ്പെട്ട അടിത്തറ വീണ്ടെടുക്കാനും, മറ്റു സംസ്ഥാനങ്ങളിൽ അതൃപ്‌തരായ നേതാക്കളെ കൂടെ നിറുത്താനും കഴിയാതെ ആടിയുലഞ്ഞ കോൺഗ്രസിനെയാണ് കണ്ടത്. ഉത്തർപ്രദേശിലടക്കം മുൻ കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്കും മറ്റും ചാടി ഭാവി സുരക്ഷിതമാക്കുകയാണ്.

ഇന്ദിരാഗാന്ധിയുടെ വേഷവിധാനത്തിൽ പ്രിയങ്കയെ ഇറക്കിയാൽ യു.പിയിൽ ജയിക്കാനാകില്ലെന്ന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായിട്ടും, തന്ത്രങ്ങളിൽ വലിയ മാറ്റത്തിന് പാർട്ടി തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഏറെ മുൻപേ തന്നെ യു.പിയിലേക്ക് താമസം മാറ്റി പ്രിയങ്ക നന്നായി അദ്ധ്വാനിച്ചെങ്കിലും പാർട്ടിയുടെ അടിത്തറ ശോഷിച്ചതിനാൽ ഫലം കണ്ടില്ല.

ഉത്തരാഖണ്ഡിൽ തിരഞ്ഞെടുപ്പിന് മുൻപ് ഹരീഷ് റാവത്ത് നടത്തിയ പ്രസ്‌താവനയിലൂടെ പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങൾ പുറത്തുവന്നിരുന്നു. അതു പരിഹരിക്കാതെ റാവത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ടത് തിരിച്ചടിച്ചു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ പോലും കഴിഞ്ഞില്ല.

ഗോവയിലും മണിപ്പൂരിലും ബി.ജെ.പി നേടിയ വേരോട്ടം മനസിലാക്കാതെയാണ് തിരഞ്ഞെടുപ്പിനെ സമീപിച്ചതെന്നും ഫലങ്ങളിൽ വ്യക്തമാകുന്നു. ഗോവയിൽ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് സ്ഥാനാർത്ഥികളെ ഹോട്ടലിലാക്കി അപഹാസ്യരായത് മിച്ചം. പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തുള്ള 23 നേതാക്കളുടെ സംഘം വരും ദിവസങ്ങളിൽ നേതൃത്വത്തിനെതിരെ ആയുധമെടുക്കുമെന്നുറപ്പ്. .