
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ കടപുഴകി വീണ പ്രമുഖരിൽ രണ്ട് മുഖ്യമന്ത്രിമാരും മുൻ മുഖ്യമന്ത്രിമാരും പാർട്ടി അദ്ധ്യക്ഷൻമാരും.
 ഛന്നിക്ക് ഇരട്ടത്തോൽവി
പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ചരൺജിത് സിംഗ് ഛന്നി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ആംആദ്മിയോട് തോറ്റു. ചംകോർ സാഹിബിൽ ചന്നിക്ക് 50,000വോട്ടും ആംആദ്മിയുടെ ചരൺജീത് സിംഗിന് 54.000 വോട്ടും ലഭിച്ചു. ബദൗറിൽ ആം ആദ്മിയുടെ ലബ് സിംഗ് ഉഗോക്കെയോട് 23000 വോട്ടിനാണ് തോറ്റത്.
 പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് പാട്യാലയിൽ പരാജയപ്പെട്ടു.
 ഉത്തരാഖണ്ഡിൽ ബി.ജെ.പി ഭരണം പിടിച്ചെങ്കിലും മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സിറ്റിംഗ് സീറ്റായ ഖാത്തിമയിൽ തോറ്റത് വൻ തിരിച്ചടിയായി. 6579 വോട്ടിന് കോൺഗ്രസിന്റെ ഭവൻ ചന്ദ്ര കാപ്രിയോടാണ് തോറ്റത്.
 ലാൽഖുവയിൽ മുൻ കോൺഗ്രസ് മുഖ്യമന്ത്രി ഹരീഷ് റാവത്തും തോറ്റു.2017 വരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന റാവത്ത് കഴിഞ്ഞ തവണയും പരാജയപ്പെട്ടിരുന്നു.
 ഉത്തർപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ അജയ് കുമാർ ലല്ലു സിറ്റിംഗ് സീറ്റായ തംകുഹി രാജിൽ തോറ്റു. ലല്ലു, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ച ഏഴ് കോൺഗ്രസ് എം.എൽ.എമാരിൽ ഒരാളായിരുന്നു.
ഗോവയിൽ, മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ പനാജിയിൽ തോറ്റു.
 പഞ്ചാബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള സ്ഥാനാർത്ഥിയും അഞ്ചു തവണ മുഖ്യമന്ത്രിയുമായ ശിരോമണി അകാലിദളിന്റെ പ്രകാശ് സിംഗ് ബാദൽ (94) ലാംബിയിൽ എ.എ.പിയുടെ ഗുർമീത് സിങ് ഖുഡിയാനോട് തോറ്റു. ഖുഡിയാനു 66,313 വോട്ട് നേടിയപ്പോൾ ബാദലിന് 54,917 വോട്ട് മാത്രം. ബാദലിന്റെ മകനും പാർട്ടിയുടെ മുഖവുമായ സുഖ്ബീർ സിങ് ബാദൽ ജലാലാബാദിലും തോറ്റു. ഇവിടെ 91,455 വോട്ടുമായി ആം ആദ്മിയുടെ ജഗ്‌ദീപ് കംബോജി വിജയിച്ചപ്പോൾ സുഖ്ബീറിനു കിട്ടിയത് 60,525 വോട്ട്.
 തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി വിട്ട് എസ്.പിയിൽ ചേർന്ന മന്ത്രി സ്വാമി പ്രസാദ് മൗര്യ ഫാസിൽ നഗറിൽ പരാജയപ്പെട്ടു.
 അമൃത്‌സർ ഈസ്റ്റിൽ പഞ്ചാബ് പി.സി.സി അദ്ധ്യക്ഷൻ നവ്‌ജോത് സിംഗ് സിദ്ദു 6750 വോട്ടിന് തോറ്റു. എ.എ.പിയുടെ ജീവൻജ്യോത് കൗറാണ് വിജയിച്ചത്.