congress

ന്യൂഡൽഹി :ഗോവയിൽ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ഹോട്ടലിൽ ഒളിപ്പിച്ച സ്ഥാനാർത്ഥികളെ, ഫലം വന്നതോടെ കോൺഗ്രസ് നേതൃത്വം ഇറക്കിവിട്ടു.. 40 അംഗ നിയമസഭയിൽ 20 എം.എൽ.എമാരുമായി

ബി.ജെ.പി അധികാരം നിലനിറുത്തിയ സ്ഥിതിക്ക് ഹോട്ടലിൽ പാർപ്പിച്ചിട്ട് തീറ്റിപ്പോറ്റിയിട്ടെന്തു കാര്യം?.

കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവുണ്ടെങ്കിലും മൂന്ന് സ്വതന്ത്രൻമാരുടെ പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞതിനാൽ ബി.ജെ.പിക്ക് സർക്കാരുണ്ടാക്കുന്നചിൽ ആശങ്ക വേണ്ട. ഏറെ പ്രതീക്ഷിയർപ്പിച്ച ഗോവയിൽ 11 സീറ്റു മാത്രമാണ് കോൺഗ്രസിന് നേടാനായത്. കഴിഞ്ഞ തവണ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും നിയമസഭാ നേതാവിനെ തിരഞ്ഞെടുക്കാനുള്ള ചർച്ച നീളവേ ബി.ജെ.പി തന്ത്രപരമായി കരുക്കൾ നീക്കി സർക്കാർ രൂപീകരിക്കുകയായിരുന്നു. ഇക്കുറിയും അബദ്ധം പറ്റാതിരിക്കാനാണ് കോൺഗ്രസ്. സ്ഥാനാർത്ഥികളെക്കൊണ്ട് കൂറുമാറില്ലെന്ന് ദൈവനാമത്തിൽ ആണയിടീച്ചത്. കോൺഗ്രസ് തൂക്ക് മന്ത്രിസഭ വരുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ വിശ്വസിച്ചാണ് അവരെ ഹോട്ടലിൽ ഒളിപ്പിച്ചതും.

ആംആദ്മി പാർട്ടി ഗോവിയിൽ അക്കൗണ്ട് തുറന്നതും ശ്രദ്ധേയമായി. 6.8ശതമാനം വോട്ടോടെ മൂന്ന് സീറ്റാണ് നേടിയത്. ബംഗാളിന് പുറത്തേക്ക് തൃണമൂൽ കോൺഗ്രസിന് വേരുണ്ടാക്കാൻ മമതാ ബാനർജി നടത്തിയ നീക്കങ്ങൾ ഫലിച്ചില്ല. രാവിലെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ചില സീറ്റുകളിൽ മുന്നിട്ടു നിന്നെങ്കിലും അതു നിലനിറുത്താനായില്ല. ഗോവ ഫോർവേർഡ് പാർട്ടി (1), മഹാരാഷ്‌ട്രവാദി ഗോമന്തക് പാർട്ടി(2), റവല്യൂഷനറി ഗോവൻസ് പാർട്ടി(1) എന്നിവയ്ക്കും വലിയ നേട്ടമുണ്ടാക്കാനായില്ല.