
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ആദ്യമായി തുടർഭരണം ലഭിക്കുന്ന പാർട്ടിയെന്ന റെക്കാഡുമായി വീണ്ടും അധികാരത്തിൽ എത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ബി.ജെ.പിയെങ്കിലും ഈ ചരിത്രനേട്ടത്തിലേക്ക് പാർട്ടിയെ നയിച്ച മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി തോറ്റത് അവർക്ക് തിരിച്ചടിയായി. ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിമാർ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ തോൽക്കുന്ന പിതിവ് തിരുത്താൻ ധാമിക്ക് കഴിഞ്ഞില്ല. എന്നാൽ ധാമിയെ തന്നെ മുഖ്യമന്ത്രിയാക്കുമെന്ന് സംസ്ഥാനത്തെ പാർട്ടിയുടെ ചുമതല വഹിക്കുന്ന ദുഷ്യന്ത് കുമാർ ഗൗതം പറഞ്ഞു. ഇത് പാർട്ടി തീരുമാനമാണോയെന്ന് ഉറപ്പില്ല.
പ്രേത ഗ്രാമങ്ങളിലെ
വികസനം നേട്ടമായി
ഗർവാൾ, അൽമോറ തുടങ്ങിയ മലയോര ജില്ലകളിൽ നടത്തിയ വികസന പരിപാടികൾ ഉത്തരാഖണ്ഡിൽ ബി.ജെ.പിയുടെ വിജയത്തിൽ നിർണായകമായി. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലായിരുന്ന ഇവിടങ്ങളിൽ നിന്ന് 2011 മുതൽ ഒഴിഞ്ഞ് പോയത് ജനസംഖ്യയുടെ 40 ശതമാനമാണ്. 734 ഗ്രാമങ്ങളിൽ ജനവാസം പരിമിതമായി. പ്രേത ഗ്രാമങ്ങൾ എന്നാണ് ഇവയറിയപ്പെട്ടത്. മടങ്ങി വരുന്ന കുടിയേറ്റക്കാർക്ക് തൊഴിൽ നൽകാനായി മുഖ്യമന്ത്രി സ്വരോജ് ഗർ യോജന പദ്ധതി തുടങ്ങി.
ഉയർന്ന ജാതികളിൽ നിന്ന് ഉൾപ്പെടെ വലിയ എതിർപ്പുണ്ടായിരുന്ന ചാർധാം ദേവസ്ഥാനം മാനേജ്മെന്റ് നിയമപ്രകാരമുണ്ടാക്കിയ ചാർധാം ബോർഡ് പുഷ്ക്കർ സിംഗ് ധാമി റദ്ദാക്കിയതും ബി.ജെ.പിക്ക് ഗുണം ചെയ്തു. . കേദാർനാഥ് ഉൾപ്പെടെയുള്ള സ്ഥലങ്ങിൽ നടന്ന വൻ വികസന പദ്ധതികളും നേട്ടമായി. 400 കോടിയുടെ പദ്ധതികളാണ് 2021 നവംബർ 5ന് പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്തത്. ഋഷികേശ് - കർണ്ണ പ്രയാഗ് റെയിൽ പദ്ധതിയും ജനങ്ങളുടെ കയ്യടി വാങ്ങി.
മറുപക്ഷത്ത് കോൺഗ്രസിന് കരുത്തരായ യുവനേതാക്കളെ മുന്നിൽ നിറുത്താൻ കഴിയാത്തത് വലിയ തിരിച്ചടിയായി. 2017 ൽ പരാജയപ്പെട്ട ഹരീഷ് റാവത്തിനെ തന്നെ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പ്രചാരണ സമിതി അധ്യക്ഷനാക്കിയതും ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തി. ഹരീഷ് റാവത്തിന്റെയും പ്രതിപക്ഷ നേതാവ് പ്രീതം സിംഗിന്റെയും ഗ്രൂപ്പുകൾ തമ്മിലുള്ള വലിയ പോരും കോൺഗ്രസിനെ തോൽവിയിലേക്ക് നയിച്ചു.