
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാലിടത്തും ഭരണമുറപ്പിച്ച ബി.ജെ.പി 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ പോരാട്ടത്തിൽ വിജയിയായി. പഞ്ചാബിൽ 92 സീറ്റിന്റെ ചരിത്രവിജയം നേടി ഡൽഹിക്കു പുറത്ത് സർക്കാർ രൂപീകരിച്ച ആംആദ്മി പാർട്ടിയാണ് കറുത്ത കുതിര. കൈയിലിരുന്ന പഞ്ചാബ് കൈവിടുകയും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലും പ്രതീക്ഷകൾ പൊലിയുകയും ചെയ്ത കോൺഗ്രസിന്റേത് കണ്ണീർക്കഥയുമായി.
സെമിഫൈനൽ പോരാട്ടത്തിലെ പ്രധാന വേദിയായ ഉത്തർപ്രദേശിൽ മോശമല്ലാത്ത പ്രകടനത്തിലൂടെ അധികാരത്തുടർച്ച നേടാനായത് ബി.ജെ.പിക്ക് നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല. ജാതിസമവാക്യങ്ങൾ രാഷ്ട്രീയദിശ നിശ്ചയിക്കുന്ന യു.പിയിൽ അതിനൊപ്പം വികസന, ക്രമസമാധാന വിഷയങ്ങളും ചേർത്തൊരുക്കിയ ഫോർമുലയിലാണ് ബി.ജെ.പി വിജയം കൊയ്തത്.
പരമ്പരാഗത യാദവ വോട്ടിനൊപ്പം യാദവ ഇതര, ഒ.ബി.സി വോട്ടും ചേർത്ത് ബി.ജെ.പിയെ പുറത്താക്കാൻ ആഞ്ഞു ശ്രമിച്ചെങ്കിലും മാഫിയകളെ സഹായിക്കുന്ന പാർട്ടിയെന്ന ആരോപണം അടക്കം അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയുടെ മുന്നേറ്റത്തിന് തടസമായി. നൂറു സീറ്റ് നേടിയതിൽ ആശ്വസിക്കാമെന്നു മാത്രം. ദളിത്-ന്യൂനപക്ഷ വോട്ടുകളിലൂടെ യു.പിയിൽ തിരിച്ചുവരവിന് ശ്രമിച്ച മായാവതിയുടെ ബി.എസ്.പിക്ക് കൈയിലുള്ളതും നഷ്ടപ്പെട്ടു. രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മുൻനിറുത്തി റാലികൾ നടത്തിയാൽ മാത്രം വോട്ടു വീഴില്ലെന്ന വസ്തുത തിരിച്ചറിയാത്ത കോൺഗ്രസ് കൂടുതൽ നിറം മങ്ങി.
പഞ്ചാബിൽ അധികാരം നിലനിറുത്താൻ മുഖ്യമന്ത്രിയെ മാറ്റിയ കോൺഗ്രസ് പരീക്ഷണവും തിരിച്ചുവരവിനു ശ്രമിച്ച അകാലിദളിന്റെ നീക്കങ്ങളും ആംആദ്മി പാർട്ടിയുടെ കുതിപ്പിൽ തകർന്നു. മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയും നവ്ജോധ് സിംഗ് സിദ്ധുവും പരാജയപ്പെട്ടത് ഭരണവിരുദ്ധ വികാരത്തിന്റെ തീവ്രത തെളിയിക്കുന്നു. തൊഴിലും സ്വസ്ഥമായ ജീവിതവും വാഗ്ദാനം ചെയ്ത ആംആദ്മി പാർട്ടിക്ക് പഞ്ചാബികൾ വോട്ടും ഹൃദയവും നൽകി.
ഉത്തരാഖണ്ഡിൽ തുടർഭരണം ഉറപ്പായെങ്കിലും പടനായകനെ നഷ്ടപ്പെട്ടത് ബി.ജെ.പിക്ക് തിരിച്ചടിയായി. ഡൽഹിക്കും ഉത്തർപ്രദേശിനും ഇടയിലുള്ള ഉത്തരാഖണ്ഡിലെ ഭരണം പിടിക്കാൻ കോൺഗ്രസ് പ്രതീക്ഷയോടെ പൊരുതിയെങ്കിലും പടലപ്പിണക്കങ്ങൾ പിന്നോട്ടടിപ്പിച്ചെന്ന് ഹരീഷ് റാവത്തിന്റെ തോൽവി വ്യക്തമാക്കുന്നു.
മണിപ്പൂരിൽ പ്രാദേശിക കക്ഷികളുടെ സഹായമില്ലാതെ ഭരിക്കാൻ കഴിയുന്നത് ബി.ജെ.പിക്ക് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സ്വാധീനം വർദ്ധിപ്പിക്കാനുള്ള ഊർജ്ജമാകും. സംസ്ഥാനത്ത് തിരിച്ചുവരാനുള്ള കോൺഗ്രസിന്റെ സ്വപ്നങ്ങൾ കൂടിയാണ് ബി.ജെ.പി തല്ലിക്കെടുത്തിയത്. ഗോവയിൽ കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് അകലെ എത്തി ഭരണത്തുടർച്ച ഉറപ്പായത് ബി.ജെ.പിക്കും മുഖ്യമന്ത്രി പ്രമോദ് സാവന്തിനും ആശ്വാസമാണ്. മൂന്ന് സ്വതന്ത്രർ പിന്തുണ പ്രഖ്യാപിച്ചതിനാൽ 2017ലേതുപോലെ കോൺഗ്രസിൽ നിന്ന് അടർത്തിയെടുക്കേണ്ട സാഹചര്യമില്ല. ഭരണമുറപ്പിച്ച സംസ്ഥാനത്ത് പിഴച്ചതെവിടെയെന്ന് കോൺഗ്രസിന് പരിശോധിക്കേണ്ടി വരും.