bhagavanth-mann

ന്യൂഡൽഹി: പഞ്ചാബിൽ ചരിത്രം കുറിച്ച ആംആദ്‌മി പാർട്ടി, നിയുക്ത മുഖ്യമന്ത്രി ഭഗവന്ത്‌സിംഗ് മാന്റെ നേതൃത്വത്തിൽ മാർച്ച് 16ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

ചടങ്ങിന് മുന്നോടിയായി നാളെ അമൃത്‌സറിൽ ഡൽഹി മുഖ്യമന്ത്രിയും ആംആദ്‌മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളിന്റെ റോഡ് ഷോ നടക്കും.

പഞ്ചാബിൽ 117 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 92 സീറ്റിൽ ജയിച്ചാണ് ആംആദ്‌മി പാർട്ടി സംസ്ഥാന ചരിത്രത്തിൽ ആദ്യമായി അധികാരത്തിലേറുന്നത്.

ചരിത്ര വിജയം നേടിയ ശേഷം ഭഗവന്ത്സിംഗ് മാൻ ഇന്നലെ ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാളിനെ കണ്ട് അനുഗ്രഹം വാങ്ങി. തുടർന്നാണ് മാർച്ച് 16ന് സത്യപ്രതിജ്ഞാ ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. ഇന്നലെ വൈകിട്ട് ചണ്ഡീഗഢിൽ ചേർന്ന ആംആദ്‌മി പാർട്ടി നിയമസഭാ കക്ഷിയോഗം ഭഗവന്ത് സിംഗ് മാനെ നേതാവായി തിരഞ്ഞെടുത്തു.

മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി ഇന്നലെ ഗവർണറെ കണ്ട് രാജി സമർപ്പിച്ചു. ജനവിധി മാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങൾ മാറ്റത്തിനായി വോട്ടു ചെയ്‌തുവെന്ന് പി.സി.സി അദ്ധ്യക്ഷൻ നവ്‌ജോത് സിംഗ് സിദ്ദുവും പറഞ്ഞു.

'ജനങ്ങൾക്ക് തെറ്റില്ല. അവർ വലിയ തീരുമാനമാണെടുത്തത്. മുഖ്യമന്ത്രിയായി ഛന്നിയെ ജനം സ്വീകരിച്ചോ എന്നത് ഇപ്പോൾ ചിന്തിക്കേണ്ട കാര്യമല്ലെന്നും" സിദ്ദു ചൂണ്ടിക്കാട്ടി.

യു.പി, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ തീരുമാനം ഡൽഹിയിൽ

അതേസമയം ബി.ജെ.പി ജയിച്ച ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിൽ പുതിയ സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ബി.ജെ.പി കേന്ദ്ര നേതൃത്വം കൈക്കൊള്ളും. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.

തുടർന്നാകും സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിക്കുക.

ഗോവയിൽ 20 സീറ്റ് നേടിയ ബി.ജെ.പിക്ക് രണ്ട് അംഗങ്ങളുള്ള മഹാരാഷ്‌ട്രവാദി ഗോമന്ത് പാർട്ടിയും മൂന്ന് സ്വതന്ത്രരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിന് 21 സീറ്റാണ് വേണ്ടത്. സത്യപ്രതിജ്ഞാ തിയതി കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. പഴയ മന്ത്രിസഭയുടെ അവസാന യോഗം ഇന്നലെ ചേർന്നിരുന്നു.

മണിപ്പൂരിൽ മുഖ്യമന്ത്രി എൻ. ബിരേൻസിംഗ് തന്നെ പുതിയ സർക്കാരിനെയും നയിക്കും. മാർച്ച് 19നാണ് നിലവിലുള്ള അസംബ്ളിയുടെ കാലാവധി അവസാനിക്കുന്നത്. അതിനുള്ളിൽ സത്യപ്രതിജ്ഞ നടന്നേക്കും.

32 സീറ്റിൽ ജയിച്ചതിനാൽ ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ബി.ജെ.പി. എൻ.പി.എഫിനെയും ചില സ്വതന്ത്രരെയും മന്ത്രിസഭയിലെടുത്തേക്കുമെന്ന് ബിരേൻസിംഗ് സൂചിപ്പിച്ചു. എന്നാൽ പഴയ പങ്കാളി എൻ.പി.പിയെ ഇക്കുറി പരിഗണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഗവർണറെ കണ്ട് ബിരേൻസിംഗ് രാജി സമർപ്പിച്ചിരുന്നു. പുതിയ സർക്കാർ വരുന്നതുവരെ പദവിയിൽ തുടരാൻ ഗവർണർ അഭ്യർത്ഥിച്ചു.

ഉത്തരാഖണ്ഡിൽ കേവല ഭൂരിപക്ഷം നേടി ജയിച്ചെങ്കിലും മുഖ്യമന്ത്രി പുഷ്‌കർധാമിയുടെ തോൽവി ബി.ജെ.പിക്ക് ക്ഷീണമായിട്ടുണ്ട്. ധാമി തന്നെ പുതിയ സർക്കാരിനെ നയിക്കുമോ എന്നത് ഉടനറിയാം. അതുകഴിഞ്ഞാകും സത്യപ്രതിജ്ഞാ തിയതി പ്രഖ്യാപിക്കുക.