
ന്യൂഡൽഹി: റഷ്യൻ സൈന്യം ചോരപ്പുഴയൊഴുക്കുന്ന സ്വന്തം നാട്ടിൽ നിന്ന് മലയാളിയായ ഭർത്താവിനൊപ്പം ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ ആശ്വാസത്തിലാണ് യുക്രെയിൻകാരി വിക്‌ടോറിയ ജോസഫ്. സുമി സ്റ്റേറ്റ് സർവകലാശാലയിലെ വിദ്യാർത്ഥി കോ-ഓർഡിനേറ്ററായ റിനീഷ് ജോസഫിനും വിക്ടോറിയയ്ക്കുമൊപ്പം ഇവരുടെ രണ്ടരമാസം പ്രായമുള്ള കുഞ്ഞ് റഫേലുമുണ്ട്.
ഇന്നലെ രാവിലെ പ്രത്യേക എയർ ഇന്ത്യാ വിമാനത്തിൽ ഡൽഹിയിലിറങ്ങിയ ഇവർ കേരളാഹൗസ് ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിൽ രാത്രിയോടെ കൊച്ചിയിലിറങ്ങി.
ഏഴു വർഷത്തെ പരിചയത്തിനൊടുവിൽ മൂന്നു വർഷം മുമ്പാണ് വിക്ടോറിയ റിനീഷിനെ വിവാഹം ചെയ്‌തത്. ആദ്യമായാണ് കേരളത്തിലെത്തുന്നത്. 50 മണിക്കൂറിലേറെ യാത്ര ചെയ്‌തതിന്റെ ക്ഷീണമുണ്ടെങ്കിലും വിക്‌ടോറിയയെയും റഫേലിനെയും കേരളത്തിച്ചതിന്റെ ആശ്വാസത്തിലാണ് റിനീഷ്. ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തുന്നതിന്റെ സന്തോഷത്തിലാണെന്ന് വിക്‌ടോറിയയും പറഞ്ഞു.
സുമിയിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള വിദ്യാർത്ഥികളുടെ സുരക്ഷ സ്വയം ഏറ്റെടുത്ത് എംബസി വഴി സുരക്ഷിത യാത്ര ഒരുക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകിയത് കോ-ഓർഡിനേറ്ററായ റിനീഷാണ്. റഷ്യൻ അതിർത്തിയിലേക്ക് പോകാൻ തുനിഞ്ഞ ചില വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാനും കഴിഞ്ഞു.