
ന്യൂഡൽഹി: ശതാബ്ദി വർഷമായ 2025നകം ഒരു ലക്ഷം സ്ഥലങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ആർ.എസ്.എസ് അഖില ഭാരതീയ പ്രതിനിധി സഭ തീരുമാനിച്ചു. ഇന്നലെ ഗുജറാത്തിലെ കർണാവതിയിൽ ചേർന്ന പ്രതിനിധി സഭയുടെ യോഗത്തിൽ ഇത് സംബന്ധിച്ച് സംസ്ഥാന ഘടകങ്ങൾ തയ്യാറാക്കിയ പദ്ധതികൾ ചർച്ച ചെയ്തു. മേഖല ഭാരവാഹികൾ ഉൾപ്പെടെ 1248 പ്രതിനിധികൾ പങ്കെടുത്തു.
ആർ.എസ്.എസ് രൂപീകൃതമായി 100 വർഷം തികയുന്ന 2025 ൽ നടക്കുന്ന ശതാബ്ദി ആഘോഷങ്ങളെ സംബന്ധിച്ചും യോഗം പദ്ധതി തയ്യാറാക്കും. സാമൂഹ്യ സഹവർത്തിത്വം, പരിസ്ഥിതി, കുടുംബ അവബോധം തുടങ്ങിയ വിഷയങ്ങളിലും ചർച്ചകൾ നടക്കും. കൊവിഡ് കാലത്ത് ഓൺലൈനായി നടന്ന ആർ.എസ്.എസ് ശാഖകൾ 98 ശതമാനവും വീണ്ടും പ്രവർത്തനം തുടങ്ങിയതായും ആദ്യ ദിനത്തിലെ യോഗ തീരുമാനങ്ങൾ വിശദീകരിച്ച സഹ സർകാര്യവഹ് മൻമോഹൻ വൈദ്യ പറഞ്ഞു.
യോഗം സർ സംഘചാലക് ഡോ.മോഹൻ ഭഗവതും സർ കാര്യവാഹ് ദത്താത്രേയ ഹൊസബളയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ദത്താത്രേയ ഹൊസബള വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.