
ന്യൂഡൽഹി: സാങ്കേതിക പിഴവിനെ തുടർന്ന് പാകിസ്ഥാൻ അതിർത്തിക്കുള്ളിൽ മിസൈൽ പതിച്ച സംഭവത്തിൽ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മാർച്ച് 9നാണ് ഹരിയാനയിലെ സിർസ ഭാഗത്തുനിന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഖനെവാൾ ജില്ലയിലെ മിയാൻ ചന്നു എന്ന പ്രദേശത്ത് വൈകുന്നേരം ആറരയോടെ മിസൈൽ പതിച്ചത്. ജനവാസ മേഖലയിലാണ് പതിച്ചതെങ്കിലും പോർമുന ഘടിപ്പിക്കാത്തതിനാൽ ആളപായമുണ്ടായില്ല. സംഭവത്തിൽ പാകിസ്ഥാൻ ഇസ്ളാമബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിരുന്നു.
അറ്റകുറ്റപ്പണിക്കിടെ സംഭവിച്ച സാങ്കേതിക പിഴവു മൂലം മിസൈൽ അബദ്ധത്തിൽ പറന്നുയർന്നതാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ ആകാശ അതിർത്തി ലംഘിച്ച് ഇന്ത്യൻ മിസൈൽ തങ്ങളുടെ മണ്ണിൽ പതിച്ചത് ചെറുതായി കാണാനാവില്ലെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. ഇന്ത്യ-പാക് കൊമേഴ്സ്യൽ വിമാനങ്ങൾ കടന്നുപോകുന്ന ആകാശ പാതയിലാണ് മിസൈൽ സഞ്ചരിച്ചത്. സുഖകരമല്ലാത്ത അനന്തരഫലങ്ങൾക്ക് കാരണമായേക്കാവുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നില്ലെന്ന് ഇന്ത്യ ഉറപ്പാക്കണമെന്നും പാകിസ്ഥാൻ പറഞ്ഞു. ഗ്രാമവാസികളുടെ വീടുകൾക്കും മറ്റും മിസൈൽ വീണ് നാശമുണ്ടായെന്ന് ആരോപിക്കുകയും ചെയ്തു.
അതിവേഗതയിൽ ഒരു വസ്തു പാക് അതിർത്തിക്കുള്ളിൽ പ്രവേശിച്ചെന്ന വിവരം തങ്ങളുടെ വ്യോമപ്രതിരോധ കേന്ദ്രത്തിൽ ലഭിച്ചെന്ന് പാക് സേനാ വക്താവ് എയർവൈസ് മാർഷൽ താരിഖ് സിയ പറഞ്ഞു. 124 കിലോമീറ്റർ ഉള്ളിലേക്ക് കടന്നുവന്ന ശേഷമാണ് പതിച്ചത്.
,