
ന്യൂഡൽഹി: കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനും നടൻ സൈജു തങ്കച്ചനും പോക്സോ കേസിൽ സുപ്രീം കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. ഇരയുടെ മൊഴിയും സി.സി ടിവി ദൃശ്യങ്ങളും പരിശോധിച്ച് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കേരള ഹൈക്കോടതി വിധിയിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.ഇതിനെ തുടർന്ന് സുപ്രീം കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇരുവരും പിൻവലിച്ചു.
കേസിലെ പ്രതിയായ അഞ്ജലി റിമ ദേവിനെതിരെയായിരുന്നു ഇരയുടെ പരാതിയെന്നും അഞ്ജലിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചുവെന്നും റോയ് വയലാട്ടിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂതറ കോടതിയിൽ ചൂണ്ടിക്കാട്ടി. ഒപ്പം നൃത്തം ചെയ്യാൻ പറഞ്ഞതിന് പോക്സോ കുറ്റം നിലനിൽക്കില്ല.
ഇരയുടെ മൊഴി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ജുൻകൂർ ജാമ്യം നിഷേധിച്ചതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 17 വയസ് പ്രായമുള്ള കുട്ടിയാണ് ഇര. എന്നാൽ, സ്ഥിരം ജാമ്യത്തിനായി കോടതികളെ സമീപിക്കുമ്പോൾ മുൻകൂർ ജാമ്യം നിഷേധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലെ പരാമർശങ്ങൾ പരിഗണിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു.