
ന്യൂഡൽഹി: ആറു കോടിയോളം പേരെ വിഷമവൃത്തത്തിലാക്കി എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള 2021-22 സാമ്പത്തിക വർഷത്തെ പലിശ നിരക്ക് 8.5ൽ നിന്ന് 8.1 ശമാനമായി കുറയ്‌ക്കാൻ ഗുവാഹത്തിയിൽ ചേർന്ന എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഒാർഗനൈസേഷൻ (ഇ.പി.എഫ്.ഒ) കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗം ശുപാർശ ചെയ്‌തു. കേന്ദ്ര തൊഴിൽ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുക്കുന്നതോടെ നിരക്ക് നിലവിൽ വരും.
പലിശ നിരക്ക് വെറും 8 ശതമാനമായിരുന്ന 1977-78ന് ശേഷമുള്ള കുറഞ്ഞ നിരക്കാണിത്.
2015-16ലെ 8.8 ശതമാനത്തിൽ നിന്നാണ് ഈ അവസ്ഥയിൽ പലിശയെത്തുന്നത്.
ഇക്കൊല്ലം ഇ.പി.എഫ്.ഒ 78,768 കോടി രൂപയാണ് വരുമാനം പ്രതീക്ഷിക്കുന്നത്. പലിശനിരക്ക് കുറയ്‌ക്കുന്നതിലൂടെ 450 കോടി രൂപയോളം മിച്ചം പിടിക്കാനാകും.
2020 മാർച്ചിൽ കൊവിഡ് വ്യാപനത്തിന് തൊട്ടുമുൻപാണ് 2018-19ലെ 8.65 ശതമാനത്തിൽ നിന്ന് ഏഴു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 8.5ശതമാനം നിശ്ചയിച്ചത്. കൊവിഡ് മൂലം 2020-21 സാമ്പത്തിക വർഷം നിരക്കിൽ മാറ്റം വരുത്തിയില്ല. 1977-78ന് ശേഷം പലിശ നിരക്ക് ഒരിക്കലും 8.25 ശതമാനത്തിൽ കുറഞ്ഞിട്ടില്ല.
ഇ.പി.എഫ് നിക്ഷേപങ്ങൾക്ക് ബാങ്ക് നിരക്കിനേക്കാൾ പലിശ നൽകുന്നതിനെതിരെ റിസർവ് ബാങ്ക് ചെലുത്തിയ സമ്മർദ്ദവും യുക്രെയിനിലെ റഷ്യയുടെ അധിനിവേശം ഒാഹരി വിപണിയിൽ അടക്കം സൃഷ്‌ടിച്ച ആഘാതവും ബോർഡിന്റെ ശുപാർശയെ സ്വാധീനിച്ചിട്ടുണ്ട്.
അന്താരാഷ്‌ട്ര സാഹചര്യങ്ങളും വിപണിയിലെ അവസ്ഥയും അവകലോനം ചെയ്‌തശേഷമാണ് തീരുമാനമെന്ന് ബോർഡ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു. സാമൂഹ്യ സുരക്ഷ പരിഗണിക്കുന്നതിനൊപ്പം വിപണിയിലെ സുസ്ഥിരത നിലനിറുത്തേണ്ടതും അനിവാര്യമാണ്. വലിയ സാഹസത്തിന് മുതിരാൻ കഴിയില്ല. അതേസമയം അപകടം ഒഴിവാക്കിയുള്ള നിക്ഷേപ രീതിയിലൂടെ ഉപഭോക്താക്കൾക്ക് ഭാവിയിലും താങ്ങായി നിൽക്കാൻ ഇ.പി.എഫ്.ഒയ്‌ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഓഹരി പണമാക്കിയത്
പണിയായി
ഒാഹരി വിപണിയിലെ ചില നിക്ഷേപങ്ങൾ പണമാക്കാൻ ഇ.പി.എഫ്.ഒ തീരുമാനിച്ചതും നിരക്കിൽ കുറവു വരുത്താൻ കാരണമായെന്ന് തൊഴിൽ മന്ത്രാലയം. കടപ്പത്രങ്ങളിലെയും ഒാഹരി വിപണിയിലെ നിക്ഷേപങ്ങളിലെയും വരുമാനം അടിസ്ഥാനമാക്കിയാണ് നിരക്ക് നിശ്ചയിച്ചത്. ദീർഘകാല ഒാഹരി നിക്ഷേപങ്ങളിലൂടെ ഇ.പി.എഫ്.ഒ ഉപഭോക്താക്കൾക്ക് മറ്റുള്ള നിക്ഷേപങ്ങളെക്കാൾ ഉയർന്ന പലിശ നൽകി വരുന്നു. കുറച്ചു കാലമായി വരുമാനത്തിൽ ഇടിവുണ്ടായിട്ടും നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഇ.പി.എഫ്.ഒ സ്വീകരിക്കുന്നത്. നികുതി ഇളവുകളും മറ്റും തുടർന്നും പി.എഫ് നിക്ഷേപങ്ങളെ ആകർഷമാക്കി നിലനിറുത്തുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.
മുൻവർഷങ്ങളിലെ
പലിശ നിരക്ക്:
8.8%
2015-16
8.65%
2016-17
8.55%,
2017-18
തിരഞ്ഞെടുപ്പ് ജയത്തിന്റെ ലഹരിയിൽ കേന്ദ്രസർക്കാർ ജീവനക്കാരെ ദ്റോഹിക്കാനാണ് ഇ.പി.എഫ് പലിശ നിരക്ക് കുറച്ചത്. ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇടപെട്ട് തീരുമാനം പിൻവലിക്കണം
- ബിനോയ് വിശ്വം എം.പി