
ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ വൻ പരാജയം വിലയിരുത്താൻ കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന് ഡൽഹിയിൽ ചേരും. ജി-23 നേതാക്കൾ നേതൃത്വത്തിനെതിരെ നടത്തുന്ന പടയൊരുക്കവും യോഗത്തിൽ പ്രതിഫലിച്ചേക്കും. സംഘടനാ തിരഞ്ഞെടുപ്പ് തീയതിയിലും തീരുമാനമുണ്ടാകും. വൈകിട്ട് നാലിനാണ് യോഗം.
യു.പിയിൽ പ്രചാരണത്തിന് പ്രിയങ്കാഗാന്ധി നേരിട്ട് നേതൃത്വം നൽകിയിട്ടും നിലവിലുണ്ടായിരുന്ന ഏഴ് സീറ്റിൽ നിന്ന് രണ്ടായി കുറഞ്ഞതും 397 മണ്ഡലങ്ങളിൽ കെട്ടിവച്ച പണം നഷ്‌ടപ്പെട്ടതും നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഭരണം പ്രതീക്ഷിച്ച ഉത്തരാഖണ്ഡും ഗോവയും മണിപ്പൂരും കൈവിട്ടതിന്റെ കാരണങ്ങളും വിലയിരുത്തും. സംസ്ഥാനങ്ങളിലെ വിഭാഗീയത തോൽവിയിലേക്ക് നയിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും.
മാറ്റം ആവശ്യപ്പെട്ട് ജി-23
തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ നേതൃതലത്തിൽ അഴിച്ചുപണി വേണമെന്നാവശ്യപ്പെട്ട ജി-23 ഗ്രൂപ്പ് വിമത നേതാക്കളുടെ പ്രതിനിധികളായ ഗുലാം നബി ആസാദും ആനന്ദ് ശർമ്മയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ മാറ്റണമെന്ന നിലപാടിലാണ് ജി-23 നേതാക്കൾ. ഇടക്കാല അദ്ധ്യക്ഷയായ സോണിയയ്‌ക്ക് അനാരോഗ്യം മൂലം സജീവമാകാൻ കഴിയാത്ത സാഹചര്യത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെ തുടങ്ങിയ മുതിർന്ന നേതാക്കളിലാരെയെങ്കിലും നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്.
അധിക്ഷേപം അംഗീകരിക്കില്ല: കെ. സുധാകരൻ
സമൂഹമാദ്ധ്യമങ്ങളിൽ നേതാക്കളെ അധിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി വ്യക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളിലെ തോൽവിക്ക് ശേഷം കേരളത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
പരാജയത്തിന്റെ കാരണങ്ങൾ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി കോൺഗ്രസ് മുന്നോട്ട് പോകും. സമൂഹമാദ്ധ്യമങ്ങളിലെ പരസ്യവിചാരണ പാർട്ടിക്ക് ക്ഷീണമുണ്ടാക്കും. അതിൽനിന്ന് പ്രവർത്തകർ പിന്തിരിയണം.
സോണിയയും രാഹുലും പ്രിയങ്കയും കെ.സി. വേണുഗോപാലുമുൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും വിജയത്തിനായി അഹോരാത്രം പണിയെടുത്തവരാണ്. ജയപരാജയങ്ങളിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്വമുണ്ട്. നേതാക്കൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലും മറ്റും പരസ്യമായി പ്രതികരിക്കുന്നത് അച്ചടക്കലംഘനമായി കാണേണ്ടിവരും. വിമർശനങ്ങളും അഭിപ്രായങ്ങളും പാർട്ടി വേദികളിലാണ് പറയേണ്ടതെന്നും സുധാകരൻ വ്യക്തമാക്കി.