fire

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ഗോകുൽപുരിയിൽ ചേരികൾ തിങ്ങിനിറഞ്ഞ പ്രദേശത്തുണ്ടായ തീപിടിത്തത്തിൽ രണ്ടു കുട്ടികളും ഒരു ഗർഭിണിയും അടക്കം ഏഴുപേർ മരിച്ചു. 60ഒാളം കുടിലുകൾ കത്തിനശിച്ചു. നാശനഷ്‌ടങ്ങളുടെ കണക്ക് എടുക്കുന്നതേയുള്ളൂ.

ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. സംഭവമറിഞ്ഞയുടൻ എത്തിയ 13 അഗ്‌നിശമന യൂണിറ്റുകൾ പുലർച്ചെ നാലോടെ തീ നിയന്ത്രണ വിധേയമാക്കി. മരിച്ചവരിൽ 13ഉം 9 വയസുള്ള സഹോദരങ്ങളുണ്ട്. മാതാപിതാക്കൾ ഇവരെ വീടിന് വെളിയിലാക്കി അകത്തു നിന്ന് സാധനങ്ങൾ പുറത്തേക്കിടുന്ന തിരക്കിൽ കുട്ടികൾ വീണ്ടും തിരികെ കയറിയതാണ് അപകടകാരണമായത്. ഗർഭിണി അടക്കം മൂന്നു സ്‌ത്രീകളും മരിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ചേരിയിൽ താമസിച്ചിരുന്നവരെ മറ്റൊരിടത്തേക്ക് മാറ്റി.

മരിച്ച മുതിർന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും കുട്ടികളുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതവും കുടിലുകൾ കത്തി നശിച്ചവർക്ക് 25,000 രൂപയും നഷ്‌ടപരിഹാരം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രഖ്യാപിച്ചു. അപകട സ്ഥലം മുഖ്യമന്ത്രി സന്ദർശിച്ചു. നഷ്‌ടപരിഹാരം കുറഞ്ഞുപോയെന്നും മരിച്ചവരുടെ കുടുംബത്തിന് കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും പ്രഖ്യാപിക്കണമെന്നും ബി.ജെ.പി എം.പി മനോജ് തിവാരി ആവശ്യപ്പെട്ടു.