
ന്യൂഡൽഹി:ബി.ജെ.പിയെ നേരിടാനുള്ള ശേഷി കോൺഗ്രസിനില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടി പോളിറ്റ്ബ്യൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളോട്
പറഞ്ഞു.
രണ്ട് ദിവസമായി ഡൽഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗം തയ്യാറാക്കിയ രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന്റെ കരട് 25 മുതൽ 27 വരെ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ വയ്ക്കുമെന്ന് യെച്ചുരി പറഞ്ഞു.യു പിയും പഞ്ചാബും ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് ദയനീയമായി പരാജയമടഞ്ഞതോടെ വർഗ്ഗീയ ശക്തികൾക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കൂടുതൽ വ്യക്തമാകുകയാണ്. പരാജയ കാരണം കോൺഗ്രസാണ് വിലയിരുത്തേണ്ടത്. എല്ലാ ജനാധിപത്യ മതേതര പാർട്ടികളും ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്. വർഗ്ഗീയ ശക്തികളെ നേരിടാൻ ഇടത്പക്ഷം മുൻകൈ എടുക്കും. വർഗ്ഗീയ ധ്രുവീകരണമുണ്ടാക്കിയാണ് ബി.ജെ.പി വിജയം നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമാണ് വർഗീയ പ്രചരണത്തിന് നേതൃത്വം നൽകിയത്. ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തി നടത്തിയ പ്രചരണത്തിലൂടെയാണ് യു പിയിൽ ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാനായത്.
തിരഞ്ഞെടുപ്പിന് ശേഷം ത്രിപുരയിൽ സി.പിഎമ്മിനെതിരെ ബി.ജെ.പി നടത്തുന്ന അക്രമങ്ങളെ പി ബി അപലപിച്ചു.
യു.എൻ സുസ്ഥിര വികസന സൂചികയുടെ എല്ലാ മാനദണ്ഡങ്ങളും കൈവരിച്ച കേരളത്തെ യോഗം അഭിനന്ദിച്ചു. ഈ നേട്ടത്തിന് അർഹമായ ഏക സംസ്ഥാനം ഇടത് പക്ഷം ഭരിക്കുന്ന കേരളമാണെന്നതിൽ അഭിമാനമാണ്. മാതൃ ശിശു മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളമെന്നും യെച്ചൂരി പറഞ്ഞു.