
ന്യൂഡൽഹി: തുടർച്ചയായി രണ്ടാം തവണയും യു.പി മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുക്കാനിരിക്കെ യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. യു.പി സർക്കാരിൽ ഒരു ദളിത് മുഖ്യമന്ത്രിയെ ഉൾപ്പെടുത്തുവാനുള്ള സുപ്രധാന തീരുമാനം എടുത്തതായാണ് വിവരം. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് യോഗി, പ്രധാനമന്ത്രിയെ ക്ഷണിച്ചു. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതായി അറിയുന്നു.
ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായും അദ്ദേഹം ചർച്ച നടത്തി. സത്യപ്രതിജ്ഞാ തിയ്യതി സംബന്ധിച്ചും ചർച്ച നടന്നു. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, ബി.ജെ.പി സംഘടന ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരുമായും യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു. ജാതി - പ്രാദേശിക സമവാക്യം പാലിച്ച് നിരവധി പുതുമുഖങ്ങളെ മന്ത്രിസഭയിലുൾപ്പെടുത്താനാണ് ബി.ജെ.പി നീക്കം.
മന്ത്രിസഭയിലെ പുതുമുഖങ്ങളിൽ അസിം അരുൺ ഐ.പി.എസ്, ബേബി റാണി മൗര്യ, സംസ്ഥാന അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്, എ.കെ. ശർമ്മ ഐ.എ.എസ് എന്നിവർ ഉൾപ്പെട്ടേക്കും. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുൻ ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യക്ക് വീണ്ടും അവസരം നൽകാൻ സമ്മർദ്ധമുണ്ട്. സർക്കാർ രൂപീകരണം സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ കേന്ദ്ര പാർലമെന്ററി ബോർഡ് പ്രഖ്യാപിക്കുമെന്നറിയുന്നു.
പഞ്ചാബിൽ 16 ന് എ.എ.പിയുടെ ഭഗവന്ത് മൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും. ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ബി.ജെ.പി കേന്ദ്ര പാർലിമെന്ററി പാർട്ടി ഉടൻ തീരുമാനമെടുക്കും.