so

ഗാന്ധി കുടുംബത്തിൽ വിശ്വാസമർപ്പിച്ച് പ്രവർത്തക സമിതി

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തകർച്ചയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ അമരത്ത് ഗാന്ധി കുടുംബത്തിന്റെ ആധിപത്യം ചോദ്യം ചെയ്യപ്പെടുമെന്നും വമ്പൻ അഴിച്ചുപണി വരുമെന്നുമുള്ള അഭ്യൂഹങ്ങൾ അസ്ഥാനത്താക്കി സോണിയാ ഗാന്ധി പ്രസിഡന്റായി തുടരാൻ ഇന്നലെ ചേർന്ന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. പ്രവർത്തക സമിതിയും തുടരും. പാർലമെന്റ് സമ്മേളനം കഴിഞ്ഞാലുടൻ ചിന്തൻ ശിബിരം സംഘടിപ്പിക്കാനും തീരുമാനിച്ചു.

സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രവർത്തക സമിതി ഏകകണ്ഠമായി പൂർണ്ണ വിശ്വാസം രേഖപ്പെടുത്തിയതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയുടെ ധാർമ്മിക ഉത്തവാദിത്വം ഏറ്റെടുത്ത് സോണിയാ ഗാന്ധിയും യു. പിയുടെ ചുമതലയുള്ള പ്രിയങ്ക ഗാന്ധിയും പ്രവർത്തക സമിതിയോഗത്തിൽ രാജി സന്നദ്ധത അറിയിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. തങ്ങളുടെ കുടുംബം പാർട്ടിയെ ദുർബലപ്പെടുത്തുന്നുവെങ്കിൽ എന്ത് ത്യാഗത്തിനും തയ്യാറാണെന്ന് സോണിയ ഗാന്ധി യോഗത്തിൽ പറഞ്ഞതായി അറിയുന്നു. എന്നാൽ ഭൂരിപക്ഷം പേരും ഗാന്ധി കുടുംബത്തിൽ വിശ്വാസം അർപ്പിച്ചെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ വിശ്വാസമുണ്ടെന്നും അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വരെ അദ്ധ്യക്ഷയായി തുടരണമെന്നും എല്ലാ അംഗങ്ങളും ഏകകണ്ഠമായി ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി മുന്നോട്ട് വന്ന് നയിക്കണമെന്നും ആവശ്യമുയർന്നതായും എന്നാൽ തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്റിനെ തീരുമാനിക്കുമെന്നും ഒരു ചോദ്യത്തിന് ഉത്തരമായി കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.

നാലര മണിക്കൂർ നീണ്ട യോഗത്തിൽ സ്വതന്ത്രമായും വ്യക്തതയോടെയും എല്ലാ കാര്യങ്ങളും ചർച്ച ചെയ്തു. ഓരോ പ്രവർത്തക സമിതി അംഗവും പറഞ്ഞ കാര്യങ്ങൾ മാദ്ധ്യമങ്ങളോട് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുകുൾ വാസ്‌നിക്കിനെ കോൺഗ്രസ് പ്രസിഡന്റാക്കണമെന്ന് പ്രവർത്തക സമിതി യോഗത്തിൽ ആവശ്യപ്പെടാൻ ജി. 23 നേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു.ഇക്കാര്യത്തിലുള്ള വിശദീകരണം പുറത്തു വന്നിട്ടില്ല.