s

ന്യൂഡൽഹി: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനെ വെറും രണ്ടു വ‌ർഷത്തേക്ക് നിയമിച്ച് ജീവിതാവസാനം വരെ പെൻഷൻ നൽകുന്ന കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമ‌ർശനം. ഡീസൽ വില വർദ്ധനയ്ക്കെതിരെ കെ.എസ്.ആർ.ടി.സിയുടെ ഹ‌ർജി പിരഗണിച്ചപ്പോഴാണ്, രാജ്യത്ത് മറ്റൊരിടത്തുമില്ലാത്തത് കേരളത്തിൽ നടപ്പാക്കിയതിനെതിരെ പരമോന്നത കോടതി ആഞ്ഞടിച്ചത്.

ഇങ്ങനെ ചെയ്തിട്ട് ഡീസൽ വില വർദ്ധനനയ്ക്കെതിരെ പരാതിയുമായി എന്തിനു വന്നെന്ന് ചോദിച്ച ജസ്റ്റിസ് അബ്ദുൽ നസീർ, ജസ്റ്റിസ് കൃഷ്ണകുമാരി എന്നിവരടങ്ങിയ ബെഞ്ച് ഹർജിയിൽ ഓയിൽ കമ്പനികൾക്ക് നോട്ടീസ് അയയ്ക്കാനും വിസമ്മതിച്ചു. തുടർന്ന് കെ.എസ്.ആർ.ടി.സി ഹർജി പിൻവലിച്ചു.

കേരളത്തിലെ വിചിത്ര നടപടി ഒരു ദിനപത്രത്തിലൂടെയാണ് അറിഞ്ഞത്. കോടതിയുടെ അതൃപ്തി സംസ്ഥാന സർക്കാരിലെ ഉന്നതരെ അറിയിക്കാൻ കെ.എസ്.ആർ.ടി.സിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരിയോട് ജസ്റ്റിസ് അബ്ദുൽ നസീർ നിർദ്ദേശിക്കുകയും ചെയ്തു.

ബൾക്ക് പർച്ചേസ് വിഭാഗത്തിലുള്ള കെ.എസ്.ആർ.ടി.സിയോട് വിപണി വിലയെക്കാൾ കൂടുതൽ തുക ഡീസലിന് ഈടാക്കുന്നതിനെതിരെയായിരുന്നു ഹർജി. കോടതിയുടെ വികാരം സർക്കാരിനെ അറിയിക്കാമെന്നും താൻ അറിയിച്ചില്ലെങ്കിലും അഞ്ച് മിനിട്ടിനുള്ളിൽ മാദ്ധ്യമങ്ങളിലൂടെ വാർത്ത എല്ലാവരും അറിയുമെന്നും അഭിഭാഷകൻ വി.ഗിരി മറുപടി നൽകി. സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ഉന്നയിച്ച ആവശ്യവുമായി കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് അബ്ദുൽ നസീർ പറഞ്ഞു.