nimisha-priya

ന്യൂഡൽഹി:യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയക്ക് വേണ്ടി അപ്പീൽ സമർപ്പിക്കാനും ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്താനും സൗകര്യമൊരുക്കുമെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കി.

സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്‌ഷൻ കൗൺസിലിന്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ബെഞ്ചിനെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്. സുരക്ഷാ കാരണങ്ങളാൽ യെമനിലേക്ക് പോകാൻ ഇന്ത്യക്കാർക്ക് വിലക്കും നിയന്ത്രണങ്ങളും ഉണ്ട്. അതിനാൽ നിമിഷ പ്രിയയുടെ ബന്ധുക്കൾക്കും അവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന സന്നദ്ധ സംഘടനകളിലുള്ളവർക്കും കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കളെ കാണാൻ അങ്ങോട്ട് പോകാനാവില്ല. തുടർന്നാണ് ആക്‌ഷൻ കൗൺസിൽ കേന്ദ്ര സർക്കാർ ഇടപെടലിനായി കോടതിയെ സമീപിച്ചത്.

ഇന്ത്യൻ സംഘത്തിന് യാത്രാനുമതി നൽകുമെന്ന് കേന്ദ്രത്തിന്റെ അഭിഭാഷകൻ അനുരാഗ് അലുവാലിയ കോടതിയിൽ വ്യക്തമാക്കി. കേസിന്റെ രേഖകൾ തർജ്ജമ ചെയ്യാനും കേന്ദ്ര സഹായം നൽകും. ഇന്ത്യൻ എംബസിയുമായി ഉടൻ ബന്ധപ്പെടും.

2017 ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിൽ വിചാരണക്കോടതി നൽകിയ വധശിക്ഷ അപ്പീൽ കോടതിയും തള്ളിയിരുന്നു. അപ്പീൽ കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി സംസാരിച്ച് ബ്ലഡ് മണി നൽകി പ്രശ്നം പരിഹരിക്കാനുമാണ് ആക്‌ഷൻ കൗൺസിൽ ശ്രമിക്കുന്നത്.