epf

ന്യൂഡൽഹി​: ഇ.പി​.എഫ് പെൻഷൻ പദ്ധതി​യി​ലെ കുറഞ്ഞ പെൻഷൻ ആയി​രം രൂപയി​ൽ നി​ന്ന് ഉടൻ വർദ്ധി​പ്പി​ക്കണമെന്ന് തൊഴി​ൽ മന്ത്രാലയത്തി​നുള്ള പാർലമെന്ററി​ സമി​തി ശുപാർശ ചെയ്‌തു​. കുറഞ്ഞ പെൻഷൻ 2000 രൂപയാക്കണമെന്ന് തൊഴിൽ മന്ത്രാലയം രൂപീകരിച്ച ഉന്നതതല സമിതി ശുപാർശ ചെയ്തതും പാർലമെന്ററി സമിതി ചൂണ്ടിക്കാട്ടി. പെൻഷൻ വർദ്ധിപ്പിക്കാൻ കൂടുതൽ തുക ബഡ്‌‌ജറ്റിൽ നീക്കി വയ്ക്കണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും ധനമന്ത്രാലത്തിന്റെ എതിർപ്പിനെ തുടർന്നാണ് നടക്കാതെ പോയത്. 1000 രൂപ കുറഞ്ഞ പെൻഷൻ അപര്യാപ്‌തമാണെന്നും ഇക്കാര്യം ധനമന്ത്രാലയത്തെ ബോധ്യപ്പെടുത്തണമെന്നും തൊഴിൽ വകുപ്പിനുള്ള ധനാഭ്യർത്ഥന റിപ്പോർട്ടിൽ പാർലമെന്ററി സമിതി ശുപാർശ ചെയ്തു.

ഇ.പി.എഫ്.ഒ ഒാൺലൈൻ ക്ളെയിം പോർട്ടലിൽ 2015ന് മുമ്പ് വിരമിച്ചവർക്ക് ഇ-നോമിനേഷൻ നൽകുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കണമെന്നും പാർലമെന്ററി സമിതി ആവശ്യപ്പെട്ടു.