
ന്യൂഡൽഹി: കെ -റെയിലിനെ ചൊല്ലി തുടർച്ചയായ രണ്ടാം ദിവസവും ലോക്‌സഭയിൽ കോൺഗ്രസ് എം പിമാരും ഇടത് എം പിമാരും തമ്മിൽ വാക്ക്പോര്. ഇവിടെ ഗുസ്തികൂടുന്ന എംപിമാർ തമ്മിൽ മറ്റിടങ്ങളിൽ ദോസ്‌തി (സൗഹൃദം) ആണല്ലോ എന്ന് കളിയാക്കിയ റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് പദ്ധതിയെക്കുറിച്ചുള്ള മെട്രോമാൻ ഇ.ശ്രീധരന്റെ ആശങ്കകൾ പ്രധാനമാണെന്നും പറഞ്ഞു.
ചോദ്യോത്തര വേളയിൽ എറണാകുളം എം.പി ഹൈബി ഈഡനാണ് കെ-റെയിൽ ഉന്നയിച്ചത്. പദ്ധതി സാമ്പത്തിക ബാദ്ധ്യതയും പരിസ്ഥിതി നാശവും സൃഷ്‌ടിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാരിസ്ഥിതിക ആശങ്കകൾ ഗൗരവതരമാണെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള ട്രാക്ക് പോലും എല്ലാവർഷവും വെള്ളത്തിൽ മുങ്ങുന്നുണ്ടെന്നാണ് ഇ.ശ്രീധരൻ ചൂണ്ടിക്കാട്ടുന്നത്. സാങ്കേതിക വിദ്യ, മണ്ണിന്റെ ഉറപ്പ് തുടങ്ങിയവയിൽ വ്യക്തത വേണം. സാമ്പത്തിക, സാങ്കേതിക സാദ്ധ്യതാ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ അനുമതിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാർ കല്ലിടലുമായി മുന്നോട്ടു പോകുന്നത് ഹൈബി ഈഡൻ ചൂണ്ടിക്കാട്ടിയപ്പോൾ പ്രാരംഭ പഠനത്തിനുള്ള അനുമതി മാത്രമാണുള്ളതെന്നും ഡി.പി.ആർ തയ്യാറാക്കാനുള്ള അനുമതി റെയിൽവേ ഭൂമി കൈമാറിയതിന് തുല്യമാകില്ലെന്നും മന്ത്രി പറഞ്ഞു.
പാരിസ്ഥിതിക പഠനങ്ങളോ, സാങ്കേതിക പഠനങ്ങളോ നടത്താതെ പദ്ധതി ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുകയാണെന്ന് ബെന്നി ബെഹ്‌നാൻ ആരോപിച്ചു.
കേരളത്തിലെ രാഷ്‌ട്രീയം അസാധാരണമാണെന്നും ഇവിടെ ഗുസ്‌തി കൂടുന്നവർ വേറെ ചിലയിടത്ത് ദോസ്‌തിയിലാണെന്നും മന്ത്രി അശ്വനി വൈഷ്ണവ് കളിയാക്കി. പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷിയും ഇക്കാര്യം ആവർത്തിച്ചു.
അപ്പോൾ എ.എം. ആരിഫ്, സി.പി.എമ്മിന്റെ അഭിപ്രായം പറയാൻ അവസരം ആവശ്യപ്പെട്ടു. അതോടെ യു.ഡി.എഫ് എംപിമാർ ബഹളം തുടങ്ങി. പ്രകടനപത്രികയിലെ വാഗ്ദാനമായ കെ റെയിൽ നടപ്പാക്കാനുള്ള ജനവിധിയാണ് സർക്കാരിന് ലഭിച്ചതെന്ന് ആരിഫ് പറഞ്ഞു. 2030ൽ പൂർത്തിയാക്കേണ്ട ദേശീയ റെയിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെ റെയിലിന് തത്വത്തിൽ അനുമതി നൽകിയത്. അതിനാൽ കെ റെയിൽ നിങ്ങളുടെയും (കേന്ദ്ര സർക്കാരിന്റെ) പദ്ധതിയാണ്. രാഷ്‌ട്രീയത്തിന്റെ പേരിൽ കെ റെയിലിനെ മാത്രം ഒഴിവാക്കുന്നത് വികസന വിരുദ്ധതയാണ്. ഇ. ശ്രീധരന്റെ വാക്കുകൾ അവഗണിച്ച് ഡി.പി.ആർ വിശദമായി പരിശോധിക്കണം. ഡി.പി.ആർ ലഭിച്ച ശേഷം മാത്രമാണോ പദ്ധതികൾക്ക് അനുമതി നൽകാറുള്ളതെന്നും ആരിഫ് ചോദിച്ചു.
പരാതിയുമായി കൊടിക്കുന്നിൽ സുരേഷ്
കെ റെയിലിന്റെ പേരിൽ ചെങ്ങന്നൂരിലെ മുളക്കുഴയിൽ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് സ്ത്രീകൾക്കും കുട്ടികൾക്കും രോഗികൾക്കും നേരെ അതിക്രമം കാട്ടിയെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പരാതിപ്പെട്ടു. ചെങ്ങന്നൂർ സർക്കിൾ ഇൻസ്പെക്ടർ ജോസ് മാത്യുവിനെതിരെ കൊടിക്കുന്നിൽ നൽകിയ അവകാശ ലംഘന നോട്ടീസ് തുടർ നടപടികൾക്കായി കൈമാറിയെന്ന് സ്‌പീക്കർ ഒാം ബിർള അറിയിച്ചു.