supreme-court

ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വേണ്ട,​ യൂണിഫോം മതിയെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി.

ചീഫ് ജസ്റ്റിസ് എൻ‌.വി.രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ പരീക്ഷകൾ നടക്കാൻ പോകുകയാണെന്നും

ഹൈക്കോടതി ഉത്തരവ് നിരവധി പെൺകുട്ടികളെ ബാധിക്കുമെന്നും അതുകൊണ്ട് അടിയന്തരമായി തിങ്കളാഴ്ച ഹർജി പരിഗണിക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ ആവശ്യപ്പെട്ടു. എന്നാൽ വാദം കേൾക്കുന്ന തിയതി ഇപ്പോൾ പറയാനാകില്ലെന്നും അടിയന്തരമായി പരിഗണിക്കുന്നത് കണക്കിലെടുക്കാമെന്നും കോടതി വ്യക്തമാക്കി.

ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതാചാരത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന ഹൈക്കോടതി വിധി തെറ്റാണെന്ന് നിബ നാസ്, ഐഷ ഷിഫത് എന്നിവർ നൽകിയ പ്രത്യേകാനുമതി ഹർജിയിൽ പറയുന്നു. ഇന്ത്യൻ നിയമ സംവിധാനം മതചിഹ്നങ്ങൾ ധരിക്കുന്നത് അംഗീകരിക്കുന്നതാണ്. 1988ലെ മോട്ടോർ വാഹന നിയമത്തിലെ 129-ാം വകുപ്പ് തലപ്പാവ് ധരിക്കുന്ന സിക്ക് പൗരന്മാരെ ഹെൽമറ്റ് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.