
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രഹസ്യ ഭാഗത്ത് വിരൽ കൊണ്ട് കുത്തിയെന്ന മൊഴി അടിസ്ഥാനമാക്കി പോക്സോ കുറ്റം നിലനിൽക്കുമോയെന്ന് സുപ്രീം കോടതി പരിശോധിക്കും.
പോക്സോ കേസിൽ വിചാരണക്കോടതി നൽകിയ ഏഴ് വർഷത്തെ ശിക്ഷ മൂന്ന് വർഷമാക്കി കുറച്ച കേരള ഹൈക്കോടതി വിധിക്കെതിരെ ഇരയുടെ മാതാവ് നൽകിയ ഹർജിയിൽ ജസ്റ്റിസ് അജയ് രസ്തോഗി അദ്ധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു.
കൊല്ലം ജില്ലയിലെ 12കാരി വീട്ടിൽ ടിവി കണ്ടു കൊണ്ടിരിക്കെ രഹസ്യ ഭാഗത്ത് പ്രതി വിരൽ പ്രവേശിപ്പിച്ചുവെന്നായിരുന്നു കേസ്. 2014 ൽ നടന്ന സംഭവത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ഏഴ് വർഷം തടവും പിഴയും വിചാരണക്കോടതി വിധിച്ചു. വിധിക്കെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ചു. വിരൽ കൊണ്ട് കുത്തിയെന്നായിരുന്നു മൊഴിയെന്ന് പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. വാദം അംഗീകരിച്ച് ഏഴ് വർഷത്തെ ശിക്ഷ മൂന്ന് വർഷമാക്കുകയായിരുന്നു.
ഹൈക്കോടതി വിധിക്ക് ശേഷം ജയിൽ മോചിതനായ പ്രതി ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും ഇരയുടെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു.