g-23

 യോഗത്തിൽ കേരളത്തിൽ നിന്ന് പി.ജെ.കുര്യനും

ന്യൂഡൽഹി: കോൺഗ്രസിൽ നേതൃമാറ്റം അനിവാര്യമാണെന്ന ആവശ്യത്തിലുറച്ച് ജി-23 നേതാക്കൾ ഇന്നലെ ഡൽഹിയിൽ മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ വസതിയിൽ യോഗം ചേർന്ന് ഭാവി പരിപാടികൾ ആസൂത്രണം ചെയ്‌തു. മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷനും മുതിർന്ന നേതാവുമായ പി.ജെ.കുര്യനും കേരളത്തിൽ നിന്ന് യോഗത്തിൽ പങ്കെടുത്തു.

കോൺഗ്രസ് നേതൃത്വത്തിൽ അടിയന്തരമായി ജനാധിപത്യം നടപ്പാക്കി അഴിച്ചു പണി വേണമെന്നും സ്ഥിരം അദ്ധ്യക്ഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച നേതാക്കൾ അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തെ തുടർന്ന് സമ്മർദ്ദം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആസാദിന്റെ വസതിയിൽ ഇന്നലെ രാത്രി ചേർന്ന യോഗത്തിൽ ശശി തരൂർ, ആനന്ദ് ശർമ്മ, മനീഷ് തിവാരി, ഭൂപേന്ദർ ഹൂഡ, കപിൽ സിബൽ, പൃഥ്വിരാജ് ചവാൻ, രാജ്ബബാർ, പി.ജെ.കുര്യൻ, മണിശങ്കർ അയ്യർ, സന്ദീപ് ദീക്ഷിത് (ഷീലാ ദീക്ഷിതിന്റെ മകൻ) അഖിലേഷ് പ്രസാദ് സിംഗ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. കോൺഗ്രസ് വിട്ട മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗിന്റെ ഭാര്യയും എം.പിയുമായ പ്രണീത് കൗറിന്റെ സാന്നിധ്യവും ശ്രദ്ധേയമായി.

ഗാന്ധി കുടുംബത്തെ എതിർക്കുന്നില്ലെങ്കിലും പാർട്ടിയിൽ ജനാധിപത്യം വേണമെന്ന ജി-23 നിലപാടിനോട് യോജിക്കുന്നതിനാലാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്ന് പി.ജെ.കുര്യൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ കഴിഞ്ഞ ദിവസം ഗാന്ധി കുടുംബത്തെ രൂക്ഷമായി വിമർശിച്ച കപിൽ സിബലിനെ തള്ളി കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കപിൽ സിബൽ മികച്ച അഭിഭാഷകനാണെങ്കിലും നല്ലൊരു നേതാവല്ലെന്ന് മല്ലികാർജ്ജുൻ ഖാർഗെ അഭിപ്രായപ്പെട്ടു. കപിൽ സിബലിന് സ്ഥാനമാനങ്ങൾ നൽകിയത് കോൺഗ്രസ് ആണെന്ന് മറക്കരുതെന്ന് ലോക്‌സഭാ നേതാവ് ആദിർ രഞ്ജൻ ചൗധരിയും പറഞ്ഞു.