ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രഡ്ജർ നിർമ്മിക്കാൻ ഡ്രെജിംഗ് കോർപറേഷൻ ഒഫ് ഇന്ത്യയും കൊച്ചിൻ ഷിപ്പ്യാർഡും 950 കോടി രൂപയുടെ കരാറിൽ ഒപ്പിട്ടു. ഹോളണ്ടുമായി സഹകരിച്ച് 34 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും. 12,000 ക്യുബിക് മീറ്റർ ട്രെയിലിംഗ് സെക്ഷൻ ഹോപ്പർ ഡ്രെഡ്ജറാണ് നിർമ്മിക്കുക. ചടങ്ങിൽ കേന്ദ്ര മന്ത്രിമാരായ സർബനാനന്ദ സോനോവാൾ, ശാന്തനു ഠാക്കൂർ, ശ്രീപദ് നായിക്, നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്, ഷിപ്പ് യാർഡ് ചെയർമാൻ മധു എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു. 127 മീറ്റർ നീളവും 28 മീറ്റർ വീതിയുമുള്ള ഡ്രെഡ്ജർ പ്രശസ്തമായ ബീഗിൾ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.