
ന്യൂഡൽഹി: പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാരിലെ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് ചണ്ഡീഗഡിൽ നടക്കും. ഇന്ന് രാവിലെ 11ന് പഞ്ചാബ് സിവിൽ സെക്രട്ടറിയേറ്റിലാണ് സത്യപ്രതിജ്ഞ. തുടർന്ന് ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ആദ്യ യോഗം ചേരും. മുഖ്യമന്ത്രിയുൾപ്പെടെ 18 പേരാണ് മന്ത്രിസഭയിലുണ്ടാകുകയെന്ന് എ.എ.പി വൃത്തങ്ങൾ അറിയിച്ചു.
ഭഗത് സിംഗ് രക്തസാക്ഷി ദിനമായ 23ന് തന്റെ വാട്സാപ്പ് നമ്പറിൽ അഴിമതി വിരുദ്ധ ഹെൽപ്പ് ലൈൻ തുടങ്ങുമെന്ന സർക്കാരിന്റെ ആദ്യ തീരുമാനം മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതുപോലെ ആദ്യ മന്ത്രിസഭാ യോഗത്തിൽ പുതിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ് ജനത. കഴിഞ്ഞ നിയമസഭയിൽ അംഗങ്ങളായിരുന്ന ഹർപാൽ സിംഗ് ചീമ, അമൻ അറോറ, കുൽതാർ സാന്ത്വാൻ, സരവ്ജിത് കൗർ മനുകെ, ഗുർമീത് സിംഗ് മീത് ഹയർ, ബൽജീന്ദർ കൗർ എന്നിവരും ഇത്തവണ അംഗങ്ങളായ കുൻവാർ വിജയ് പ്രതാപ് സിംഗ് എന്നിവർ മന്ത്രിസഭയിലുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. ഭഗത് സിംഗിന്റെ ഗ്രാമമായ ഖട്കർകലാനിൽ നടന്ന വലിയ പരിപാടിയിൽ ഭഗവന്ത് സിംഗ് മാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
17ന് എം.എൽ.എമാരുടെ സത്യപ്രതിജ്ഞയും നടന്നു. പ്രോടേം സ്പീക്കർ ഡോ. ഇന്ദർബീർ സിംഗ് നിജ്ജാർ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.