covi

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കൊവിഷീൽഡ് വാക്‌സിന്റെ ഒന്നും രണ്ടും ഡോസുകൾ തമ്മിലുള്ള ഇടവേള എട്ടു മുതൽ 16 ആഴ്ചയായി കുറയ്‌ക്കാൻ നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഒാൺ ഇമ്മ്യൂണൈസേഷൻ (എൻ.ടി.എ.ജി.ഐ) ശുപാർശ ചെയ്‌തു. നിലവിൽ 12-18 ആഴ്ചയാണ് ഇടവേള. കൊവാക്‌സിൻ ഇടവേള 28 ദിവസമായി തുടരും.

എട്ട് മുതൽ 16 ആഴ്ചയ്‌ക്കുശേഷം രണ്ടാം ഡോസ് നൽകുമ്പോൾ 12-18 ആഴ്ച ഇടവേളയ്ക്കു സമാനമായി ആന്റിബോഡികൾ ഉൽപാദിപ്പിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. രണ്ടാം ഡോസ് കുത്തിവയ്‌പ് വേഗത്തിലാക്കാൻ ഇതു വഴിയൊരുക്കും.

വാക്‌സിനേഷൻ തുടങ്ങിയ സമയത്ത് കൊവിഷീൽഡ് 6-8 ആഴ്ച ഇടവേളയിലാണ് നൽകിയിരുന്നത്. 2021 മേയ് 13 മുതൽ ഇടവേള 12-16 ആഴ്ചയായി വർദ്ധിപ്പിക്കുകയായിരുന്നു.