zsdff

ന്യൂഡൽഹി: രാജ്യത്തെ വിവിധ രാഷ്‌ട്രീയ പാർട്ടികൾ ജാതിയുടെയും മതത്തിന്റെയും പേരിൽ കാശ്മീർ ജനതയെ ഭിന്നിപ്പിച്ചെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. 1990കളിൽ കാശ്മീരി പണ്ഡിറ്റുകളുടെ പാലായനവും പാകിസ്ഥാന്റെ സഹായത്തോടെയുള്ള ഭീകര പ്രവർത്തനവുമാണ് ജമ്മുകാശ്മീരിനെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കാശ്മീരി പണ്ഡിറ്റുകളുടെ പാലായനം പ്രമേയമാക്കിയ കാശ്മീർ ഫയൽസ് സിനിമ ചർച്ചയായതിന്റെ പശ്ചാത്തലത്തിലാണ് ഗുലാം നബിയുടെ പ്രസ്‌താവന.

ജാതിയുടെയും മതത്തിന്റെയും മറ്റ് പലതിന്റെയും പേരിൽ ജമ്മുകാശ്മീർ ജനതയെ എപ്പോഴും ഭിന്നിപ്പിച്ചതിന്റെ ഉത്തരവാദിത്വം രാഷ്‌‌ട്രീയ പാർട്ടികൾക്കുണ്ട്. ഇക്കാര്യത്തിൽ ആരും മോശമല്ല. സ്വന്തം പാർട്ടിയായ കോൺഗ്രസിനും അതിൽ പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പ്രവണതയ്ക്കെതിരെ പൊതുസമൂഹം ഒന്നിച്ചു നിൽക്കണം. ജാതി,മത വ്യത്യാസങ്ങൾക്ക് അതീതമായി എല്ലാവർക്കും നീതി ലഭ്യമാക്കണം. മഹാത്മാ ഗാന്ധി ശരിയായ ഹിന്ദുവും അതേസമയം മതേതര വാദിയുമായിരുന്നു. പാകിസ്ഥാൻ സഹായത്തോടെയുള്ള ഭീകര പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഹിന്ദുക്കൾ, കാശ്മീരി പണ്ഡിറ്റുകൾ, ഡോഗ്രകൾ തുടങ്ങിയ വിഭാഗങ്ങളെ സാരമായി ബാധിച്ചുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.