f

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ബി.ജെ.പി മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും നിലവിലെ മുഖ്യമന്ത്രി പുഷ്‌കർ ധാമി തുടരുമെന്നാണ് സൂചന. ഇന്ന് ഡെറാഡൂണിൽ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ നേതാവിനെ തിരഞ്ഞെടുക്കും.

പുഷ്കർ സിംഗ് ധാമി, മുഖ്യമന്ത്രി സ്ഥാനത്തിന് പരിഗണിക്കപ്പെടുന്ന മുൻ കേന്ദ്രമന്ത്രി രമേശ് പൊക്രിയാൽ, പ്രമുഖ നേതാവ് സത്‌പാൽ മഹാരാജ് തുടങ്ങിയവരുമായി ബി.ജെ.പി നേതൃത്വം ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, നേതാക്കളായ ബി.എൽ. സന്തോഷ്, മദൻ കൗശിക് തുടങ്ങിയവരും പങ്കെടുത്ത യോഗത്തിലെ ധാരണകൾ പ്രകാരമാണ് ഇന്ന് നിയമസഭാ കക്ഷി യോഗം ചേരുന്നത്. ബി.ജെ.പി കേന്ദ്ര നിരീക്ഷകരായ രാജ്നാഥ് സിംഗ്, മിനാക്ഷി ലേഖി തുടങ്ങിയവർ ഇന്നത്തെ നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന നേതാക്കളായ രേഖാ ആര്യ, ഗണേശ് ജോഷി, അരവിന്ദ് പാണ്ഡെ തുടങ്ങിയ നേതാക്കൾ പുഷ്‌കർ സിംഗ് ധാമിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.