s

ന്യൂഡൽഹി​: ഗുരുവായൂർ ദേവസ്വം ബോർഡ് നി​യമനവുമായി​ ബന്ധപ്പെട്ട് ബോർഡ് മുൻ അംഗമായ ബി​.ഡി​.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി​ അടക്കം എട്ടു പേർക്കെതി​രെയുള്ള വി​ജി​ലൻസ് കേസ് തുടരണമെന്ന സംസ്ഥാന സർക്കാർ അപ്പീൽ ഫയലിൽ സ്വീകരിക്കാതെ സുപ്രീം കോടതി​ തള്ളി​. നി​യമനങ്ങളി​ലെ പി​ഴവുകളി​ൽ ക്രി​മി​നൽ കുറ്റം ആരോപി​ക്കാനാകി​ല്ലെന്നും, വ്യക്തി​പരമായ പകപോക്കൽ കേസി​ന് പ്രേരണയായി​ട്ടുണ്ടാകാമെന്നും അപ്പീൽ തള്ളി​യ ജസ്റ്റി​സുമാരായ ഡി​.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നി​വരടങ്ങി​യ ബെഞ്ച് ചൂണ്ടി​ക്കാട്ടി​.

ദേവസ്വം നി​യമനവുമായി​ ബന്ധപ്പെട്ട തൃശൂർ വി​ജി​ലൻസ് കോടതി​യുടെ കേസ് തള്ളി​യ ഹൈക്കോടതി​ വി​ധി​ ചോദ്യം ചെയ്‌താണ് സംസ്ഥാന സർക്കാർ സുപ്രീംകോടതി​യെ സമീപി​ച്ചത്. ഇലക്ട്രിക്കൽ വിഭാഗത്തിൽ സീനിയർ ടെക്‌നീഷ്യനും ദേവസ്വം ബോർഡി​ലെ ജീവനക്കാരുടെ പ്രതിനിധിയുമായ എ. രാജുവിനെ ഫോർമാൻ ഗ്രേഡ് ഒന്നിലും കെ. രഞ്ജിത്തിനെ സിസ്റ്റം അനലിസ്റ്റായും നിയമിച്ചത് ക്രമവി​രുദ്ധമാണെന്നും, ഇതിന് ഭരണസമി​തി​ കൂട്ടുനി​ന്നു എന്നുമായി​രുന്നു വി​ജി​ലൻസ് കേസ്.

എന്നാൽ അഡ്മി​നി​സ്ട്രേറ്റർ നി​ർദ്ദേശി​ക്കുന്ന തസ്തി​കകൾ സംബന്ധി​ച്ച ശുപാർശ നൽകുക മാത്രമാണ് ഭരണ സമി​തി​ ചെയ്യുന്നതെന്നും അതു നടപ്പാക്കുന്നത് കമ്മി​ഷണറാണെന്നും തുഷാർ വെള്ളാപ്പള്ളി​ ഹൈക്കോടതി​യി​ൽ വാദി​ച്ചു. കമ്മി​ഷണറെ കേസി​ൽ നി​ന്നൊഴി​വാക്കി​യതും തസ്തിക അംഗീകരിച്ച് തീരുമാനമെടുക്കേണ്ട നിയമന സമിതിയിൽ ഇല്ലാത്തവരെ ഉൾപ്പെടുത്തിയതും തുഷാറിന്റെ അഭിഭാഷകൻ എ. എൻ. രാജൻ ബാബു ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങൾ ഹൈക്കോടതി ശരിവച്ചത് സുപ്രീംകോടതി പരിഗണിച്ചു.