
ന്യൂഡൽഹി: കൊവിഡ് കാരണം അവസരം നഷ്‌ടമായവർക്കായി സിവിൽ സർവീസ് മെയിൻ പരീക്ഷ വീണ്ടും നടത്താനാകില്ലെന്ന് യു.പി.എസ്.സി സുപ്രീംകോടതിയെ അറിയിച്ചു. രോഗം, അപകടം തുടങ്ങിയ കാരണങ്ങളാൽ പരീക്ഷ എഴുതാൻ കഴിയാത്തവർക്കായി പുന:പരീക്ഷ നടത്തുന്ന പതിവില്ലെന്നും യു.പി.എസ്.സി വ്യക്തമാക്കി.
സിവിൽ സർവീസിന് അടക്കം ഒരു വർഷം യു.പി.എസ്.സി നടത്തുന്ന 13 പരീക്ഷകളൊന്നും വീണ്ടും നടത്തുന്ന പതിവില്ല. സർക്കാർ ഒഴിവുകൾ നികത്തേണ്ട ഭരണഘടനാ ബാദ്ധ്യതയുള്ളതിനാൽ പരീക്ഷകൾ സമയബന്ധിതമായി നടത്തേണ്ടതുണ്ട്. അതിനാൽ മുൻകൂട്ടി തയ്യാറാക്കിയ കൃത്യമായ ഷെഡ്യൂൾ പ്രകാരമാണ് പരീക്ഷകളുടെ നടത്തിപ്പ്. പുന:പരീക്ഷ നടത്തേണ്ടി വന്നാൽ മറ്റു പരീക്ഷാ ഷെഡ്യൂളുകളും മൂല്യ നിർണയവും ഫലപ്രഖ്യാപനവുമെല്ലാം അവതാളത്തിലാക്കും. പല തലത്തിലുള്ള ചോദ്യങ്ങൾ നൽകേണ്ടി വരുന്നതും സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കുമെന്നും യു.പി.എസ്.സി അറിയിച്ചു.