mullaperiyar

ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് സംബന്ധിച്ച് മേൽനോട്ട സമിതിക്ക് തീരുമാനിക്കാമെന്നും സമിതിക്ക് കൂടുതൽ അധികാരം നൽകി ഉടൻ ഉത്തരവിറക്കുമെന്നും ഇന്നലെ അന്തിമ വാദത്തിൽ സുപ്രീംകോടതി പറഞ്ഞു. ജലനിരപ്പ് 142 അടിയിൽ നിന്ന് ഉയർത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം ഇപ്പോൾ പരിഗണിക്കില്ലെന്നും കേരളത്തിന് ആശ്വാസം നൽകി ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, അഭയ് എസ്. ഓക്ക, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകുന്നതിന് ശുപാർശ തയ്യാറാക്കാൻ കേരളവും തമിഴ്നാടും ഉടൻ സംയുക്ത യോഗം ചേരണം. യോഗത്തിന്റെ മിനിട്ട്സ് വരുന്ന ചൊവ്വാഴ്ച്ച ഹാജരാക്കണം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഉത്തരവിറക്കുന്നത്.

ഇരു സംസ്ഥാനങ്ങളിലെയും സാങ്കേതിക വിദഗ്ദ്ധരെ ഉൾപ്പെടുത്തി മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിലും ഉത്തരവിൽ വ്യക്തത വരുത്തും. തങ്ങളുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നില്ലെന്ന് മേൽനോട്ട സമിതി കോടതിയിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ സമിതിക്ക് കാര്യമായ അധികാരമില്ലെന്നായിരുന്നു കേരളത്തിന്റെയും തമിഴ്‌നാടിന്റെയും നിലപാട്.

ഇടുക്കി, തേനി ജില്ലാ കളക്ടർമാരെയുൾപ്പെടുത്തിയുള്ള സാങ്കേതിക സമിതി വേണമെന്ന് ബുധനാഴ്ചത്തെ വാദത്തിൽ കേരളം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മേൽനോട്ട സമിതി ശക്തിപ്പെടുത്താനുള്ള തീരുമാനം. അഭിഭാഷകരായ ജയ്ദീപ് ഗുപ്ത, ജി.പ്രകാശ് എന്നിവർ കേരളത്തിന് വേണ്ടിയും ശേഖർ നാഫ്ഡെ തമിഴ്നാടിന് വേണ്ടിയും ഹാജരായി.

ശാശ്വത പരിഹാരം

വേണം: കോടതി

 തർക്കത്തിൽ ശാശ്വത പരിഹാരമുണ്ടാക്കാനാണ് സമിതിക്ക് കൂടുതൽ അധികാരം നൽകുന്നത്

 മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണോയെന്ന് തീരുമാനിക്കേണ്ടത് വിദഗ്ദ്ധരാണ്

 പുതിയ അണക്കെട്ട് വേണമോയെന്ന് മേൽനോട്ട സമിതി ചർച്ച ചെയ്ത് തീരുമാനിക്കും