supreme-court

ന്യൂഡൽഹി: ദേശീയ തലത്തിൽ ഭൂരിപക്ഷമാണെങ്കിലും ജനസംഖ്യയിൽ കുറവായ സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ സമുദായങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കൺകറൻന്റ് ലിസ്റ്റിലെ വിഷയമായതിനാൽ സമുദായങ്ങളും ഭാഷാ വിഭാഗങ്ങളും ന്യൂനപക്ഷമാണോ എന്ന് നിശ്ചയിക്കാൻ കേന്ദ്രസർക്കാരിനൊപ്പം സംസ്ഥാന സർക്കാരുകൾക്കും അവകാശമുണ്ടെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറയുന്നു. അവിടങ്ങളിൽ ഹിന്ദുക്കളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി നൽകുന്നതിൽ അപാകതയില്ല. പഞ്ചാബ്, ജമ്മുകാശ്‌മീർ, മണിപ്പൂർ, മിസോറാം, അരുണാചൽ പ്രദേശ്, നാഗലാൻഡ്, മേഘാലയ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഹിന്ദു, ജൂത, ബെഹായ്‌ തുടങ്ങിയ സമുദായങ്ങൾ ന്യൂനപക്ഷമാണെങ്കിലും ദേശീയതലത്തിൽ ന്യൂനപക്ഷ പദവിയുള്ള സമുദായങ്ങൾക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നതെന്ന് അഡ്വ. അശ്വനി ഉപാദ്ധ്യായ സുപ്രീംകോടതിയിൽ സമർപ്പിച്ച പൊതുതാത്‌പര്യ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷമായ മുസ്‌ലിം, ക്രിസ്‌ത്യൻ, സിക്ക്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗങ്ങൾ ദേശീയ തലത്തിൽ ന്യൂനപക്ഷങ്ങളായതിനാൽ അവർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നതെന്നും ഹർജിയിൽ വിശദമാക്കിയിരുന്നു. ഈ ഹർജിയുമായി ബന്ധപ്പെട്ട സത്യവാങ‌്‌മൂലത്തിലാണ്

അതത് സംസ്ഥാനത്തെ മത, ഭാഷാ ന്യൂനപക്ഷങ്ങളെ കണ്ടെത്താനും ആനുകൂല്യങ്ങൾ നൽകാനും സംസ്ഥാന സർക്കാരുകൾക്കും അധികാരമുണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. മത, ഭാഷാ വിഭാഗങ്ങൾ രാജ്യം മുഴുവൻ വ്യാപിച്ചു കിടക്കുന്നതിനാൽ ഒരു സംസ്ഥാനത്തിന് മാത്രമായി പദവി നിശ്ചയിക്കാൻ കഴിയില്ല. ഒരു സംസ്ഥാനത്തെ ഭൂരിപക്ഷ വിഭാഗം മറ്റൊരു സംസ്ഥാനത്ത് ന്യൂനപക്ഷമാകാമെന്നും കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു.

മഹാരാഷ്‌ട്ര സർക്കാർ ജൂതരെ ന്യൂനപക്ഷമായി വിജ്ഞാപനം ചെയ്‌തതും കർണാടകയിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, മറാഠി, ഉർദു, തുളു, കൊങ്കണി ഭാഷകൾ സംസാരിക്കുന്നവരെ ന്യൂനപക്ഷമായി പ്രഖ്യാപിച്ചതും ഉദാഹരണമായി കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. തെലുങ്ക് സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകൾക്ക് കർണാടകയിൽ 2020 മുതൽ ന്യൂനപക്ഷ പദവി നൽകിയിരുന്നു.