
മിനിട്ട്സ് ഇന്ന് സുപ്രീംകോടതിക്ക് കൈമാറും
ന്യൂഡൽഹി: സുപ്രീംകോടതി നിർദ്ദേശപ്രകാരം മുല്ലപ്പെരിയാർ അണക്കെട്ട് മേൽനോട്ട സമിതിയ്ക്ക് കൂടുതൽ അധികാരം കൈമാറുന്നതു സംബന്ധിച്ച ശുപാർശ തയ്യാറാക്കാൻ കേരളവും തമിഴ്നാടും സംയുക്ത യോഗം ചേർന്നെങ്കിലും സമവായമായില്ല. അണക്കെട്ടിന്റെ പൂർണ നിയന്ത്രണം മേൽനോട്ട സമിതിയ്ക്ക് കൈമാറാൻ കഴിയില്ലെന്ന് തമിഴ്നാട് പറഞ്ഞു. എന്നാൽ റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രുമെന്റേഷൻ സ്കീം എന്നിവയുൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും സമിതിയ്ക്ക് കൈമാറണമെന്ന് കേരളം ആവശ്യപ്പെട്ടു. യോഗത്തിന്റെ മിനിട്ട്സ് ഇന്ന് സുപ്രീം കോടതിയ്ക്ക് കൈമാറും. സുപ്രീംകോടതി 2006ലും 2014ലും നടത്തിയ വിധികളിൽ മുല്ലപ്പെരിയാർ അണക്കെട്ടും ബേബി ഡാമും ശക്തിപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഇവ നടപ്പാക്കണമെന്നാണ് യോഗത്തിൽ തമിഴ്നാട് ആവശ്യപ്പെട്ടത്. എന്നാൽ, അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും മേൽനോട്ട സമിതിക്ക് കൈമാറണമെന്നായിരുന്നു യോഗത്തിൽ കേരളത്തിന്റെ ഉറച്ച നിലപാട്. മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കുന്നതു സംബന്ധിച്ച് യോഗത്തിൽ തർക്കമുണ്ടായില്ല. ഇരു സംസ്ഥാനങ്ങളുടെയും ഓരോ പ്രതിനിധികൾ അംഗങ്ങളായ സമിതിയുടെ അദ്ധ്യക്ഷൻ കേന്ദ്ര ജല കമ്മിഷൻ ചെയർമാന്റെ പ്രതിനിധിയാണ്. മൂന്നംഗ സമിതിയിൽ ഇരു സംസ്ഥാനങ്ങളുടെയും ഓരോ സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തി അഞ്ചംഗ സമിതിയാക്കണമെന്ന നിർദ്ദേശം യോഗത്തിലുണ്ടായി. ഇരുസംസ്ഥാനങ്ങൾക്കും വേണ്ടി ഹാജരാകുന്ന അഭിഭാഷകരും സംയുക്ത യോഗത്തിൽ പങ്കെടുത്തു.