
ന്യൂഡൽഹി: മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകുന്നതിന് ഇരു സംസ്ഥാനങ്ങളും തയ്യാറാക്കിയ അന്തിമശുപാർശ നാളെ സുപ്രീം കോടതിക്ക് കൈമാറും. ഇരു സംസ്ഥാനങ്ങളുടെയും അഭിഭാഷകർ ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചതിനെ തുടർന്ന് കേസിൽ വാദം കേൾക്കുന്നത് നാളേക്ക് മാറ്റി. അണക്കെട്ടുമായി ബന്ധപ്പെട്ട സങ്കീർണ്ണതകൾ തങ്ങൾക്ക് അറിയാമെന്നും സമയം അനുവദിക്കാമെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ജസ്റ്റിസ് എ.എസ്. ഓക, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ശുപാർശ തയ്യാറാക്കുന്നതിന് സംയുക്ത യോഗം ചേരുകയും കുറിപ്പുകൾ പരസ്പരം കൈമാറുകയും ചെയ്തു. ചില വിഷയങ്ങളിൽ പരസ്പര ധാരണയായിട്ടുണ്ടെന്നും കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും തമിഴ്നാടിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശേഖർ നാഫഡെയും സുപ്രീം കോടതിയെ അറിയിച്ചു.