
ന്യൂഡൽഹി: ലഖിംപൂർ ഖേരി കേസിലെ 98 സാക്ഷികൾക്കും മതിയായ സുരക്ഷയൊരുക്കിയിട്ടുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഓരോ സാക്ഷികൾക്കും ഓരോ സായുധ പൊലീസുകാരന്റെ സുരക്ഷയുണ്ട്. ഇരകളുടെ കുടുംബത്തിന് സ്ഥിരം സെക്യൂരിറ്റി ഗാർഡുകളുണ്ട്. വീടുകൾ സി.സിടി.വി കാമറകളുടെ നിരീക്ഷണത്തിലാണ്. സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്ന് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.എല്ലാ സാക്ഷികളെയും പൊലീസ് പതിവായി ബന്ധപ്പെടുന്നുണ്ട്. സാക്ഷിയെ മർദ്ദിച്ച സംഭവത്തിന് കർഷകരുടെ കൊലപാതകവുമായി ബന്ധമില്ല. ഹർജിക്കാർ പ്രശ്നങ്ങൾ കൂട്ടിക്കുഴക്കുകയാണ്.
കേസിലെ മുഖ്യപ്രതിയായ ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതി ഫിബ്രു.10 ന് ജാമ്യം നൽകിയതിനെതിരെ പ്രത്യേകാനുമതി ഹർജി ഫയൽ ചെയ്യാനുള്ള നടപടികൾ പരിഗണനയിലാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.