
ന്യൂഡൽഹി:ബലാത്സംഗ കേസിലെ പ്രതിയെ പരാതിക്കാരി വിവാഹം ചെയ്തതിനെ തുടർന്ന് പ്രതിക്കെതിരായ എഫ്.ഐ.ആർ സുപ്രീം കോടതി റദ്ദാക്കി. തെലങ്കാന ഹൈക്കോടതി വിധിക്കെതിരെ കേസിലെ പ്രതി സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ അനുവദിച്ചു കൊണ്ട് ജസ്റ്റിസ് വിനീത് ശരൺ, ജസ്റ്റിസ് ജെ.കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.
കേസിലെ പ്രതിയെ വിവാഹം ചെയ്തതായും ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നതായും കോടതി മുമ്പാകെ കേസിലെ പരാതിക്കാരി നൽകിയ മൊഴി കണക്കിലെടുത്ത് ഇന്ത്യൻ ഭരണഘടനയുടെ 142 പ്രകാരമുള്ള അധികാരമുപയോഗിച്ച് പ്രതിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കുന്നതായി സുപ്രീം കോടതി പറഞ്ഞു. മാട്രിമോണിയൽ സൈറ്റിലൂടെയാണ് ഇവർ പരിചയപ്പെട്ടത്. യുവാവ് വിവാഹ വാഗ്ദാനം നൽകി ശാരീരിക ബന്ധത്തിലേർപ്പെട്ടെങ്കിലും പിന്നീട് യുവതിയെ വിവാഹം കഴിക്കാൻ വിസമ്മതിക്കുകയുമായിരുന്നു. തുടർന്നാണ് ഐ.പി.സി 417,420,376 വകുപ്പുകളനുസരിച്ച് യുവാവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എന്നാൽ പിന്നീട് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹിതരായി. തുടർന്ന് എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി തെലങ്കാന ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളി. തുടർന്നാണ് കുറ്റാരോപിതൻ സുപ്രീം കോടതിയെ സമീപിച്ചത്.