tvmaward

ന്യൂഡൽഹി: ജലസംരക്ഷണ പ്രവർത്തനങ്ങളിൽ ദക്ഷിണേന്ത്യൻ ജില്ലകളിൽ ഒന്നാംസ്ഥാനം നേടിയ തിരുവനന്തപുരത്തിനുള്ള പുരസ്‌കാരം ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയും ജൽജീവൻ മിഷൻ മെമ്പർ സെക്രട്ടറിയും എക്സിക്യുട്ടീവ് എൻജിനിയറുമായ എ. നൗഷാദും ചേർന്ന് ഏറ്റുവാങ്ങി. ദക്ഷിണേന്ത്യൻ പഞ്ചായത്തുകളിൽ മികച്ച ജലസംരക്ഷണ - മാനേജ്‌മെന്റിനുള്ള മൂന്നാം സ്ഥാനം ലഭിച്ച എലപ്പുള്ളി ഗ്രാമ പഞ്ചായത്തിനുള്ള പുരസ്‌കാരം കേന്ദ്ര ജലവിഭവ വകുപ്പുമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബുവും വൈസ് പ്രസിഡന്റ് കെ. സുനിൽ കുമാറും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി. പുണ്യകുമാരിയും ചേർന്ന് ഏറ്റുവാങ്ങി. ജൽശക്തി മന്ത്രാലയം ഏർപ്പെടുത്തിയ അവാർഡുകളിൽ മികച്ച സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത് ഉത്തർപ്രദേശാണ്. രാജസ്ഥാനും പഞ്ചാബും രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ജലസ്രോതസുകളുടെ സംരക്ഷണം, പരിപാലനം, ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.