toll

ന്യൂഡൽഹി: മണ്ണുത്തി-വടക്കാഞ്ചേരി ദേശീയ പാതയിൽ പന്നിയങ്കരയിൽ ആരംഭിച്ച ടോൾപ്ലാസയിൽ ഉയർന്ന നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി ഉറപ്പു നൽകിയതായി രമ്യ ഹരിദാസ് എം.പി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകുന്നത് പരിഗണിക്കും. ടോൾ പ്ളാസയിലെ പ്രശ്‌‌നങ്ങൾ പരിഹരിക്കാൻ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പു ലഭിച്ചത്.

സ്വകാര്യബസുകളിൽ നിന്ന് ഒരു ദിവസം തന്നെ പലതവണ ടോൾ പിരിക്കുന്നത് അവസാനിപ്പിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. നിരവധി തവണ ടോൾ പ്ലാസ കടക്കുന്ന ചരക്ക് വാഹനങ്ങൾക്ക് 24 മണിക്കൂറിന് ഒരു ടോൾ എന്ന നിർദ്ദേശത്തെയും മന്ത്രി സ്വാഗതം ചെയ്‌തു. പ്രദേശവാസികൾക്കും സമീപത്തെ സ്‌കൂൾ ബസുകൾക്കും സൗജന്യ പാസ് അനുവദിക്കണമെന്ന ആവശ്യവും എംപി ഉന്നയിച്ചു. ആവശ്യമായ നടപടികളെടുക്കാൻ നിതിൻ ഗഡ്‌കരി ദേശീയ പാതാ അതോറിട്ടി അംഗം പാണ്ഡെയ്‌ക്ക് നിർദ്ദേശം നൽകി.