
ന്യൂഡൽഹി:വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ അസമും മേഘാലയവും തമ്മിൽ 50 വർഷമായി നിലനില്ക്കുന്ന അതിർത്തി തർക്കം പരിഹരിക്കാൻ ധാരണയായി. ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തിൽ അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ്മയും മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്ങ്മയും ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. 12 കേന്ദ്രങ്ങളിലായുള്ള തർക്കത്തിൽ 6 മേഖലകളിലെ തർക്കമാണ് പരിഹരിച്ചത്.ഇതോടെ ഇരു സംസ്ഥാനങ്ങളും തമ്മിൽ വർഷമായി നിലനിൽക്കുന്ന അതിർത്തി തർക്കത്തിൽ 70 ശതമാനത്തിനും പരിഹാരമായി. 1972 ൽ അസമിൽ നിന്ന് മേഘാലയ വിഭജിക്കപ്പെട്ടതിനെ തുടർന്നാണ് അതിർത്തി തർക്കത്തിന് തുടക്കമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശമനുസരിച്ച് അമിത് ഷായാണ് പ്രശ്ന പരിഹാരത്തിന് മുൻകൈ എടുത്തത്. നീണ്ട ചർച്ചകൾക്ക് ഒടുവിൽ കഴിഞ്ഞ ജനുവരി 31 ന് അസം, മേഘാലയ മുഖ്യമന്ത്രിമാർ അതിർത്തി പ്രശ്നപരിഹാരത്തിനായി ഒരു കരട് പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നൽകിയിരുന്നു.
ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കം പരിഹരിക്കാനുള്ള കരാർ ഒപ്പുവെച്ച നടപടി വടക്ക് കിഴക്കൻ മേഖലയെ സംബന്ധിച്ചടത്തോളം ചരിത്രപരമായ ദിനമാണ് - അമിത് ഷാ, ആഭ്യന്തര മന്ത്രി
അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ മുൻകൈ എടുത്തതിന് കേന്ദ്ര മന്ത്രി അമിത് ഷായെ അഭിനന്ദിക്കുന്നു. അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ്മ കാരണമാണിത് സാദ്ധ്യമായത് - കോൺറാഡ് സാങ്ങ്മ, മേഘാലയ മുഖ്യമന്ത്രി