v-muraleedharan

ന്യൂഡൽഹി: പൊതുപണിമുടക്കിന്റെ പേരിൽ കേരളത്തിൽ അരങ്ങേറുന്നത് സർക്കാർ സ്പോൺസേർഡ് ഗുണ്ടായിസമാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പത്രസമ്മേളനത്തിൽ പറഞ്ഞു. സി.പി.എം ഗുണ്ടകൾ ജനങ്ങളെ ദ്രോഹിക്കുമ്പോൾ മഞ്ഞ കുറ്റികൾക്ക് കാവൽ നിൽക്കുന്ന പൊലീസ് അപമാനമാണ്. ലോകത്ത് എവിടെയെങ്കിലും ഒരു നാടിന്റെ പ്രവർത്തനം സ്തംഭിപ്പിക്കാൻ സർക്കാർ നേരിട്ട് ഇറങ്ങുന്നുണ്ടെങ്കിൽ അത് കേരളത്തിൽ മാത്രമായിരിക്കും. ഭരണപക്ഷത്തിന്റെ ജനദ്രോഹ പ്രവർത്തനങ്ങൾക്ക് സമരത്തിൽ പങ്കെടുത്തുകൊണ്ടു ജയ് വിളിക്കുകയാണ് പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും സംഘവും. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഇങ്ങനെ ഒരു സ്ഥിതിവിശേഷം നിലവിലില്ല. ദേശീയ പണിമുടക്ക് എന്നത് പേരു മാത്രമാണ്. യഥാർത്ഥത്തിൽ നടന്നത് കേരള പണിമുടക്ക് ആണ്. ജനങ്ങൾക്ക് ഈ പണിമുടക്കിൽ യാതൊരു താത്പര്യവുമില്ല. സി.പി.എം നിരത്തിലിറക്കുന്ന ഗുണ്ടകളെ ഭയന്നാണ് ജനങ്ങൾ വീട്ടിലിരുന്നത്. സർക്കാർ ജീവനക്കാർ പണിമുടക്കരുത് എന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്ത ഇടതുപക്ഷ സർക്കാരിന്റെ നയം ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.