vbghg

ന്യൂഡൽഹി: കേന്ദ്ര ബഡ്‌ജറ്റുമായി ബന്ധപ്പെട്ട ധനബില്ലും ധനവിനിയോഗ ബില്ലും രാജ്യസഭയും പാസാക്കി. ലോക്‌സഭ കഴിഞ്ഞയാഴ്ച ബില്ലുകൾ പാസാക്കിയിരുന്നു. ഇതോടെ ഏപ്രിൽ ഒന്നിന് തുടങ്ങുന്ന അടുത്ത സാമ്പത്തിക വർഷം മുതൽ നിലവിൽ വരുന്ന വിധത്തിൽ കേന്ദ്ര ബഡ്‌ജറ്റിന് അംഗീകാരമായി.ലോക്‌സഭ പാസാക്കിയ ബില്ലിൽ ഭേദഗതികളില്ലാതെയാണ് ധനബില്ലുകൾ രാജ്യസഭ പാസാക്കിയത്. സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതും വരും വർഷങ്ങളിൽ സാമ്പത്തിക വളർച്ചയ്‌ക്ക് ഉതകുന്നതുമാണ് ബഡ്‌ജറ്റെന്ന് നിർമ്മലാ സീതാരാമൻ ചൂണ്ടിക്കാട്ടി. യുക്രെയിൻ യുദ്ധം വിതരണ ശൃംഖലകളെ പ്രതിസന്ധിയിലാക്കിയതാണ് ഇന്ധന വില ഉയരാനുള്ള പ്രധാന കാരണമെന്ന് ധനബില്ലിന്റെ ചർച്ചയ്‌ക്ക് മറുപടിയായി ധനമന്ത്രി പറഞ്ഞു. പണപ്പെരുപ്പം നേരിടാനാകുമെന്ന് ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ച മന്ത്രി, യുക്രെയിനിലെ റഷ്യൻ അധിനിവേശം പുതിയ വെല്ലുവിളിയാണെന്നും പറഞ്ഞു. കൊവിഡിനെപ്പോലെ എല്ലാ രാജ്യങ്ങളെയും റഷ്യ-യുക്രെയിൻ സംഘർഷം ബാധിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.