
ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിക്കുള്ള ബഡ്‌ജറ്റ് വിഹിതം കുറച്ചത് മൂലം തൊഴിലാളികൾക്ക് കൃത്യമായി കൂലി ലഭിക്കുന്നില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ലോക്‌സഭയിൽ ആരോപിച്ചു. എന്നാൽ ഇത് തെറ്റാണെന്ന് വിശദീകരിച്ച് കേന്ദ്ര ഗ്രാമ വികസന മന്ത്രി ഗിരിരാജ് സിംഗും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറും രംഗത്തെത്തി. ഇത് കോൺഗ്രസ്-ഭരണ പക്ഷാംഗങ്ങൾ തമ്മിലുള്ള വാക്കു തർക്കത്തിന് കാരണമായി.
തൊഴിലുറപ്പിനുള്ള വിഹിതം കേന്ദ്ര സർക്കാർ കുറയ്‌ക്കുകയാണെന്നും ഇക്കൊല്ലത്തെ ബഡ്‌ജറ്റിൽ 2020നെക്കാൾ 35 ശതമാനം കുറവാണെന്നും സോണിയ ശൂന്യവേളയിൽ ചൂണ്ടിക്കാട്ടി. കൊവിഡ് കാലത്ത് പാവപ്പെട്ടവരെ സഹായിക്കാൻ താങ്ങായ തൊഴിലുറപ്പിനെ മുമ്പ് പരിഹസിച്ച പലർക്കും അംഗീകരിക്കേണ്ടി വന്നുവെന്നും സോണിയ പറഞ്ഞു. സോഷ്യൽ ഓഡിറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ സംസ്ഥാനങ്ങളുടെ വാർഷിക തൊഴിൽ ബഡ്‌ജറ്റിന് അനുമതി നൽകാത്ത സാഹചര്യമുണ്ട്. ഓഡിറ്റിന്റെ പേരിൽ തൊഴിലാളികളെ ക്രൂശിക്കുന്നത് ശരിയല്ല. തൊഴിലുറപ്പിന് കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും 15 ദിവസത്തിനുള്ളിൽ കൂലി ഉറപ്പാക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
എന്നാൽ സോണിയ പറഞ്ഞത് വസ്‌തുതാ വിരുദ്ധമാണെന്നും കോൺഗ്രസ് ഭരിച്ച യു.പി.എ കാലത്ത് നൽകിയതിനെക്കാൾ കൂടുതൽ തുക തൊഴിലുറപ്പിന് നൽകുന്നുണ്ടെന്ന് കേന്ദ്രമന്ത്രിമാർ വിശദീകരിച്ചു. 2013-14 കാലത്ത് 33,000 കോടി മാത്രമായിരുന്നത് മോദി സർക്കാർ 1.12 ലക്ഷം കോടി രൂപയായി വർദ്ധിപ്പിച്ചെന്ന് ഗിരിരാജ് സിംഗ് ചൂണ്ടിക്കാട്ടി. യു.പി.എ കാലത്ത് അഴിമതി മൂലം തൊഴിലാളികൾക്ക് കൂലി ലഭിച്ചില്ലെന്നും മോദി സർക്കാർ ജൻധൻ അക്കൗണ്ടുകൾ വഴി നേരിട്ട് പണം ഉറപ്പാക്കുന്നുണ്ടെന്നും അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.
തുടർന്ന് ഇരു പക്ഷത്തേയും അംഗങ്ങൾ വാദ പ്രതിവാദങ്ങളുമായി രംഗത്തെത്തിയതോടെ കുറച്ചു നേരം സഭ ബഹളമയമായി.